*2403 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം
** ധനസമാഹരണത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 31-ാമതു എക്‌സിക്യൂട്ടിവ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന് 2403 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. 1391.96 കോടി രൂപയുടെ അഞ്ചാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പുറമേ 1011.50 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തതുൾപ്പെടെയാണ് ഇത്. ഇതോടെ 17,989.11 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ് ഇതേവരെ അംഗീകാരം നൽകി. കൂടാതെ വെസ്‌റ്റേൺ കനാൽ പാതയുടെ മാഹി വളപട്ടണം റീച്ചിലിനു ഭൂമി ഏറ്റെടുക്കുന്നതിന് 650 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകാനും തീരുമാനമായി.
കൊച്ചി സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ക്ക് ആധുനിക ലാബോറട്ടറി സ്ഥാപിക്കാൻ 99.48 കോടി ഉൾപ്പെടെ 241.72 കോടി രൂപ, ലൈഫ് സയൻസ് പാർക്കിന് ഭൂമി ഏറ്റെടുക്കുന്നതിന് 301.17 കോടി രൂപ, അങ്കമാലി ബൈപാസിന് 190.16 കോടി രൂപ, പെരുമ്പാവൂർ ബൈപാസിന് 133.24 കോടി രൂപ, പുനലൂർ-കൊല്ലയിൽ ഹിൽ ഹൈവേക്ക് 201.67 കോടി രൂപ, കെഎസ്ആർടിസിക്ക് 1000 പുതിയ ഡീസൽ ബസുകൾ വാങ്ങുന്നതിന് 324 കോടി രൂപ എന്നിവയാണ് അംഗീകാരം നൽകിയ പ്രധാന പദ്ധതികളിൽ ചിലത്.
പുതിയ പദ്ധതികൾ അംഗീകരിച്ചതിനു പുറമേ മുൻ യോഗങ്ങളിൽ അംഗീകരിച്ച പദ്ധതികളുടെ നിർവഹണ നടപടികളും യോഗം വിലയിരുത്തി. നൂതന ധന സമാഹരണ മാർഗങ്ങൾ വഴി കിഫ്ബി പദ്ധതികൾക്ക് ധനസമാഹരണം നടത്തുന്നതിന് 100 ശതമാനം സർക്കാർ ഉടമസ്ഥതയിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും. മസാല ബോണ്ടുകൾ പുറപ്പെടുവിക്കാൻ മർച്ചന്റ് ബാങ്കുകളുമായി കരാറുണ്ടാക്കും. ബോണ്ട് പുറപ്പെടുവിക്കുക ടെൻഡർ വിളിച്ചായിരിക്കും. വിവിധ ബാങ്കുകളിൽനിന്ന് ആദായകരമായ ലോണുകൾ എടുക്കുന്നതിനും യോഗം അനുമതി നൽകി.
ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, അംഗങ്ങളായ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറിയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്ര നാഥ്, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി മിൻഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ മുൻ ധനകര്യ സെക്രട്ടറി ഡോ.ഡി ബാബു പോൾ, ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര- ധനകാര്യ വിഭാഗം പ്രൊഫസർ സി.പി. ചന്ദ്രശേഖർ, കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സാമ്പത്തിക ശാസ്ത്ര- ധനകാര്യ വിഭാഗം പ്രൊഫസർ സുശീൽ ഖന്ന, സെബി മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ രാധാകൃഷ്ണൻനായർ, ജെ.എൻ. ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
2016-17, 17-18 വർഷത്തെ ബജറ്റുകളിൽ ആകെ 54,179 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 17,989 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതു കൂടാതെ 30,000 കോടിരൂപയുടെ പദ്ധതികൾക്കെങ്കിലും അനുവാദം നൽകാൻ സർക്കാരിനു കഴിയുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.