കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ഷേത്രം കുക്ക് (കാറ്റഗറി നം. 13/2023), ഇടുതുടി പ്ലെയർ (കാറ്റ. നം. 25/2023) എന്നീ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ ഹാജരാക്കിയ വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ സുക്ഷ്മ പരിശോധന നടത്തി സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖ പരീക്ഷ ഫെബ്രുവരി 17 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10 മണി മുതൽ നടക്കും.

അഭിമുഖ പരീക്ഷയുമായി ബന്ധപ്പെട്ട് സ്ഥലം, തീയതി, സമയം ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തിയ ഷെഡ്യൂൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഹാജരാകുന്ന ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിൽ ‘ഡൗൺലോഡ്’ ലിങ്കിൽ നിന്നും ലഭ്യമാകും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും, ഇന്റർവ്യൂ മെമ്മോയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് അഭിമുഖ പരീക്ഷയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വാദ്യോപകരണത്തിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വാദ്യോപകരണം കൊണ്ടുവരേണ്ടതാണ്. അറിയിപ്പ് ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് മുഖേനയും അയക്കും. ഫെബ്രുവരി 13 വരെ എസ്.എം.എസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.