കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്ടറേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ലീഗൽ എയിഡ് ക്ലിനിക്കുകൾ സഹായകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പൗരനും അവരുടെ അവകാശത്തെപ്പറ്റി ബോധവാൻമാരാവുകയും അത് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഫലവത്താകുന്നത്. സൗജന്യ നിയമ സഹായം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ലീഗൽ എയിഡ് ക്ലിനിക്കുകൾ ജനാധിപത്യ സംവിധാനത്തിൽ പുത്തൻ കാൽവയ്പാണെന്നും അദ്ദേഹം പറഞ്ഞു.
മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ലീഗൽ എയിഡ് ക്ലിനിക്കിന്റെ പ്രവർത്തനം. ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഏത് പരാതിയും പൊതുജനങ്ങൾക്ക് ലീഗൽ എയിഡ് ക്ലിനിക്കിൽ സമർപ്പിക്കാം. സഹായം നൽകുന്നതിനായി പ്രവർത്തി ദിവസങ്ങളിൽ ഒരു വക്കീലും ഒപ്പം പാരാ ലീഗൽ വോളന്റിയറും സന്നിതരായിരിക്കും. സ്ത്രീകൾ, കുട്ടികൾ, ബി.പി.എൽ വിഭാഗത്തിൽപെട്ടവർ, എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് നിയമസഹായവും നിയമ ഉപദേശവും സൗജന്യമായി നൽകും.
കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ജി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലിസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് സജി കൊടുവത്ത്, ആർ. അനിൽകുമാർ, ആർ. അരുൺ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2025/02/LEGAL-AID-CLINIC-7.1.25-e1738926371481-65x65.jpg)