മാർച്ച് ആദ്യവാരത്തോടെ പദ്ധതി പൂർത്തിയാകും

വർഷങ്ങളായി കൈവശമുള്ള ഭൂമി എന്നാൽ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാൻ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസർഗോഡ് ജില്ലയിലെ ഗോത്ര വിഭാഗമായ കൊറഗ കുടുംബത്തിന്റെ ദീർഘനാളത്തെ ദു:ഖം. വീടില്ല, കൃഷിക്ക് സ്ഥലമില്ല, ഉള്ളത് കൈവശമുണ്ടെങ്കിലും നിയമപരമായ രേഖകളില്ല. ഇതിന് പരിഹാരമായി റവന്യൂ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ സ്മൈൽ’ പദ്ധതി ആവിഷ്കരിക്കാൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മാസം റവന്യൂ മന്ത്രി കെ. രാജൻ പദ്ധതിക്ക് തുടക്കമിട്ടു. പട്ടികവർഗ്ഗ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രണ്ട് താലൂക്കുകളിലായി 59 കോളനികളിലായി വ്യാപിച്ചുകിടക്കുന്ന 478 ഏക്കർ ഭൂമി അളന്ന് അതിർത്തി നിർണയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഇതുവരെ 213 കുടുംബങ്ങളുടെയും ഭൂമി അളന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ എട്ട് വില്ലേജുകളിലെ ഭൂമി സർക്കാരിന്റെ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി അളന്ന് തിട്ടപ്പെടുത്തി. മാർച്ച് ആദ്യവാരത്തോടെ പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.

കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി 1,706 ഓളം കൊറഗ ഗോത്ര വിഭാഗക്കാർ താമസിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുമ്പോൾ ഭവനപദ്ധതികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നതാണ് ”ഓപ്പറേഷൻ സ്‌മൈലിന്റെ നേട്ടം.

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ, കാസർഗോഡ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ.കെ. മോഹൻദാസ്, അസിസ്റ്റന്റ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ.വി. രാഘവൻ എന്നിവരാണ് പദ്ധതി പ്രവർത്തനം നിർവഹിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ, താഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ഊരുമൂപ്പന്മാർ, പ്രമോട്ടർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ ഗോത്രവിഭാഗം നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ഭൂമി പ്രതിസന്ധി അവസാനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.