പാണാവള്ളി-തേവര ബോട്ട് സർവീസ് ദലീമ ജോജോ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
ദേശീയപാതയിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഫെറിയിൽ നിന്നും തേവര ഫെറിയിലേക്കുള്ള പുതിയ യാത്രാ ബോട്ട് സർവീസിന് തുടക്കമായി. തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളം വരെ പോയി വരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികളുടെയും മറ്റു യാത്രക്കാരുടെയും യാത്രാദുരിതത്തിന് പുതിയ ജല ഗതാഗത മാർഗം പരിഹാരമാകും.
പാണാവള്ളി ഫെറിയിൽ നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. ദിവസവും രാവിലെ 7.45ന് പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്നു തുടങ്ങി 8.10ന് പെരുമ്പളം മാർക്കറ്റ് ഫെറി, 8.30ന് അരൂക്കുറ്റി, 9.30ന് തേവര ഫെറി എന്നിങ്ങനെയാണ് സർവീസ് നടത്തുക. വൈകിട്ട് 5.30ന് തേവര ഫെറിയിൽ നിന്നും പാണാവള്ളിയിലേക്കും സർവീസ് നടത്തും. 33 സീറ്റിന്റെ 2012 മോഡൽ ബോട്ടാണ് അനുവദിച്ചിരിക്കുന്നത്. ലാഭകരമായാൽ തുടർന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് എംഎൽഎ നിയമസഭ സമ്മേളനത്തിൽ അടിയന്തിര സബ്മിഷൻ അവതരിപ്പിച്ചതിനെ തുടർന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് പുതിയ ബോട്ട് സർവീസ് അനുവദിച്ചത്.
അരൂക്കുറ്റി ബോട്ട് ടെർമിനലിൽ ദലീമ ജോജോ എം.എൽ.എ ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അരൂരിലെ ജനങ്ങൾ ദീർഘനാളായി അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ തേവരയിലേക്ക് നടത്തുന്ന സർവീസ് ഉടൻതന്നെ എറണാകുളം ജെട്ടിയിലേക്കുകൂടി നീട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കും. അരൂർ മേഖലയുടെ ജലഗതാഗത സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് വാട്ടർ മെട്രോ സർവീസ് എത്തിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ അധ്യക്ഷയായി.