സർക്കാർ/യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക്  (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം കോഴ്‌സ് ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന സിവിൽ സർവ്വീസ് ഫീ റീ ഇംമ്പേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പിനുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 വരെ ദീർഘിപ്പിച്ചു.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിന്റെ ഉപകേന്ദ്രങ്ങളിലും, ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) പ്രസ്തുത സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം, അത്തരം സ്ഥാപനങ്ങളിൽ ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്.   കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ  മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്  ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471 – 2300524 , 2302090 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.