വയനാട് ജില്ലയിലെ സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലയണ്‍സ് ഇന്റര്‍ നാഷണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചസാരയുടെ അമിത അളവിലൂടെ സംഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണം നടക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 50 സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കും. വിപണികളില്‍ ലഭ്യമായ മധുര പാനീയങ്ങളുടെ 300 എം.എല്‍. കുപ്പികള്‍/പാക്കറ്റുകളില്‍ 21 മുതല്‍ 42 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഐ.സി.എം.ആര്‍. പഠന പ്രകാരം ഉയര്‍ന്ന പഞ്ചസാരയുടെ ഉപയോഗത്താല്‍ കുട്ടികളില്‍ 8.1 ശതമാനവും മുതിര്‍ന്നവരില്‍ 23.6 ശതമാനവും പ്രമേഹ രോഗികളാക്കാന്‍ സാധ്യതയുണ്ടെന്നാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായ പദ്ധതി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ എം.കെ. രേഷ്മ, നിഷ പി. മാത്യു, അഞ്ജു ജോര്‍ജ്, ലയണ്‍സ് ക്ലബ് മുന്‍ ജില്ലാ ഗവര്‍ണര്‍ പ്രൊഫ. വര്‍ഗീസ് വൈദ്യന്‍, കെ.കെ. ശെല്‍വരാജ്, ജേക്കബ് വര്‍ക്കി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാവിയോ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.