തൃശൂരില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ട് വരെ എട്ട് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 15ന് ആരംഭിക്കും. ലോക നാടകങ്ങള്‍, ഇന്ത്യന്‍ നാടകങ്ങള്‍, തിയറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍, പൊതുപ്രഭാഷണങ്ങള്‍, സംഗീത പരിപാടികള്‍, ആര്‍ട്ടിസ്റ്റുകളുമായുള്ള സംവാദ സദസ്സ് തുടങ്ങി വിവിധ പരിപാടികളോടെയാണ് നാടകോത്സവം തയ്യാറെടുക്കുന്നത്.
ദേശീയ- അന്തര്‍ദേശീയ തലങ്ങളിലെ 15 നാടകങ്ങളുടേതായി 34 ഷോകളുടെ ടിക്കറ്റുകളാണ് ലഭ്യമാകുക. അനുബന്ധ പരിപാടികള്‍ കാണാന്‍ ടിക്കറ്റെടുക്കേണ്ടതില്ല. നാടകത്തിന്റെ ടിക്കറ്റ് നിരക്ക് 80 രൂപയാണ്. ഒരാള്‍ക്ക് ഒരു ഷോയുടെ രണ്ട് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനാകും. വിവിധങ്ങളായ സംസ്‌കാരിക പരിസരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും പ്രതീക്ഷയും അതിജീവനവും പ്രമേയമാക്കുന്ന ‘പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന ആശയമാണ് ഇത്തവണത്തെ ഇറ്റ്ഫോക്ക് മുന്നോട്ട് വെക്കുന്നത്.
കലാസ്വാദകര്‍ക്ക് നാടകങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് https://theatrefestivalkerala.com/ എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ അക്കാദമിയില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്ന് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ടിക്കറ്റുകള്‍ നേരിട്ടും ലഭിക്കും.