അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്ക് കൂടുതൽ വനിതാ മാധ്യമപ്രവർത്തകർ കടന്നു വരണമെന്നും പാർശ്വൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി മാധ്യമ പ്രവർത്തകർ നിരന്തരം നിലകൊള്ളണമെന്നും പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയൂബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിലെ ചാറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

മാധ്യമ പ്രവർത്തകർ പ്രത്യേകിച്ച് സ്ത്രീകൾ എപ്പോഴും ധൈര്യമുള്ളവരായിരിക്കേണ്ട ആവശ്യമില്ല. തെറ്റും ശരിയും വേർതിരിച്ചു മനസിലാക്കാൻ കഴിയുന്ന സാധാരണ മനുഷ്യരായിരുന്നാൽ മതി. മതിയായ പിന്തുണ ലഭിക്കാത്ത വനിതാ ജേണലിസ്റ്റുകൾ ഇപ്പോഴും നിരവധിയുണ്ട്. പല രീതിയിലുള്ള പ്രശ്‌നങ്ങൾ അവർ നേരിടുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികൾ മാധ്യമ പ്രവർത്തനം തിരഞ്ഞെടുക്കുന്നത് സ്വാഗതാർഹമാണ്. നിരന്തരം വെല്ലുവിളികൾ നേരിടുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് വേണ്ടി താനും തന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കുമെന്ന് അവർ പറഞ്ഞു.

വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. ആവശ്യം വരുമ്പോൾ ശാരീരിക-മാനസികാരോഗ്യ വിദഗ്ധരുടെ സഹായം നിർബന്ധമായും തേടണം. എല്ലാ മനുഷ്യരും നിലനിൽപ്പിനു വേണ്ടി ദിവസേന യുദ്ധത്തിലാണങ്കിലും അതിൽ നല്ല മനുഷ്യരും സഹജീവികളോടുള്ള സ്‌നേഹവും നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ തന്നെ തുടർന്നും പ്രവർത്തിക്കാനാണ് താൽപര്യമെന്നും സദസിൽ നിന്നുയർന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. പ്രമുഖ മാധ്യമങ്ങൾ കാലങ്ങളായി നൽകുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കാതെ നേരിട്ട് കാണുന്നതും മനസിലാക്കുന്നതും വിശ്വസിച്ചു വേണം പുതിയ മാധ്യമ പ്രവർത്തകർ നിലകൊള്ളേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ സരസ്വതി നാഗരാജനാണ് ചാറ്റ് സെഷൻ നയിച്ചത്.