കണ്ണൂര്‍ ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള പഴശ്ശി പ്രൊജക്ടിന്റെ സ്ഥലമാണ് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിക്കുകയെന്നും അതിനുള്ള നടപടി ഉടനെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലാണ് ജില്ലാ പി.എസ്.സി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജോലിഭാരമേറെയുള്ള കണ്ണൂര്‍ പി.എസ്.സി ഓഫീസിന് സൗകര്യപ്രദമായ സ്വന്തം കെട്ടിടമെന്ന ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമാക്കുന്നത്. കണ്ണൂരില്‍ സ്വന്തമായി കെട്ടിടമാകുന്നതോടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രവും സ്ഥാപിക്കാനാവും. കണ്ണൂരില്‍ കലക്ടറേറ്റില്‍ ഇപ്പോള്‍ സ്ഥല പരിമിതിയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി ജില്ലാ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം വളരെ വര്‍ഷമായി ഉയര്‍ന്നു വരുന്നതാണെന്ന് രജിസ്‌ടേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചതില്‍ വളരെയധികം സന്തോഷം അറിയിക്കുന്നതായും ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ ഉള്‍പ്പെടെ അധുനിക സംവിധാനത്തോടുകൂടിയുള്ള കെട്ടിടം നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
