കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, വ്യാപാരികള്‍ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ രീതിയില്‍ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിങ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന.

പൊതുവിതരണ വകുപ്പ് സ്വകാര്യ വ്യക്തിയുടെ ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള നാല് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള ഏഴ് കേസുകളെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 13 പരിശോധനകളില്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ 15 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 17 പരിശോധനകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഏഴ് ഓട്ടോക്കാര്‍ക്കെതിരെ നടപടിയെടുത്തു.

പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ. ബിന്ദു, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കൊല്ലം സര്‍ക്കിള്‍) എസ്.ആര്‍. റസീമ, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.