പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി- ‘മാനത്തോളം’ പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിന് തുടക്കമായി. ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളെ നേരില്‍ കേട്ട് കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായുള്ള ഇടപെടലുകള്‍ നടത്തുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിദഗ്ധരുടെ ക്ലാസ്സുകള്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ ബോധവത്കരണ സെഷനുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. മണ്ഡലത്തിലെ വിവിധ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യല്‍ സ്‌കൂളുകളിലും പഠിക്കുന്ന മുന്നുറോളം ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പരിപാടിയുടെ ഭാഗമായി.

നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ജാനകിദേവി അധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, കെ. സുരേഷ്, പി. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീന്‍കുട്ടി, എസ്. സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് , സി.ആര്‍.സി. കേരള ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി കെ.എന്‍., ജില്ല പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എന്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. പ്രേംകുമാര്‍ എം.എല്‍.എ. സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍.ടി. ബിജു നന്ദിയും പറഞ്ഞു. സംഗമം മാർച്ച് ഒന്നിന് സമാപിക്കും.