‘സുസ്ഥിര തൃത്താല’ പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനത്ത് ഹോർട്ടി കൾച്ചർ മിഷൻ- രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.

കൂൺ കൃഷി പദ്ധതി ആരംഭിക്കുന്നതിനായി വിവിധ ഘടകങ്ങൾക്ക് 30.25 ലക്ഷം രൂപയാണ് കൃഷി വകുപ്പ് അനുവദിച്ചിട്ടുള്ളത്.
കൂൺ കൃഷിയുടെ ഭാഗമായി ചെറുകിട കൂൺ വിത്ത് ഉൽപാദന യൂണിറ്റുകൾ ആരംഭിക്കും.300 കൂൺ ബെഡ്ഡുകൾ അടങ്ങിയ രണ്ട് ലാർജ് സ്കെയിൽ കൂൺ ഉത്പാദന യൂണിറ്റുകളും 100 യൂണിറ്റ് ചെറുകിട കൂൺ ഉൽപാദന യൂണിറ്റുകളുമാണ് ആരംഭിക്കുന്നത്. ജില്ലയിൽ തൃത്താലയിൽ മാത്രമാണ് ഇപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നത്.

56 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള രണ്ട് പാക്ക് ഹൗസുകൾ, കൂണിന്റ മൂല്യ വർദ്ധിത യൂണിറ്റുകൾ, 10 കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ ആരംഭിക്കും. കൂടാതെ കൂൺ കൃഷി രീതികളെ സംബന്ധിച്ച് കർഷകർക്ക് വിവിധ തലത്തിലുള്ള പരിശീലനപരിപാടിയും ഇതിൻ്റെ ഭാഗമായി നടക്കും.
കൃഷി, ജലസംരക്ഷണം, ശുചിത്വം, സുസ്ഥിര ഉപജീവനം എന്നിവ ലക്ഷ്യമാക്കി 2021 മുതൽ തൃത്താലയിൽ വിവിധ വകുപ്പുകളുടെ സംയോജനത്തോടെ നടപ്പാക്കുന്ന ‘സുസ്ഥിര തൃത്താല’ കൂൺ കൃഷിയിലൂടെ കാർഷിക രംഗത്ത് പുതിയ ചുവട് വെയ്ക്കുകയാണ് .

സുസ്ഥിര തൃത്താലയിലൂടെ കാർഷിക മേഖലയിൽ 2022- 23 സാമ്പത്തിക വർഷത്തിൽ 556 ഹെക്ടർ സ്ഥലത്ത് നെൽകൃഷി വ്യാപിപ്പിക്കുകയും അത് വഴി 667 ടൺ നെല്ലുൽപ്പാദിപ്പിക്കാനും കഴിഞ്ഞു.തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് 8 പഞ്ചായത്തുകളിലായി ഒരു ലക്ഷം തെങ്ങിൻ തൈകളാണ് നട്ടുപിടിപ്പിച്ചത്. 24 ടൺ പച്ചക്കറി ഉൽപാദിപ്പിക്കുകയും ഹോർട്ടികോർപ്പ് വഴി സംഭരിക്കുകയും ചെയ്തു.

2022 ൽ കേരഫെഡ്ഡുമായി സഹകരിച്ച് 1135 ടൺ നാളികേരമാണ് സംഭരിച്ചത്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചതിലൂടെ 27 ഏക്കർ സ്ഥലത്ത് അധികമായി കൃഷി ചെയ്യാനുമായി.തരിശായി കടന്നിരുന്ന 15 ഹെക്ടർ സ്ഥലത്താണ് പുതുതായി കൃഷി ആരംഭിച്ചത്.

556 ഏക്കർ സ്ഥലത്ത് നെൽകൃഷി വ്യാപിപ്പിച്ചതിന്റെ ഭാഗമായി 1026 കർഷകർക്ക് 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ഒരു ലക്ഷം തെങ്ങിൻ തൈ വിതരണത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയും ചെലവഴിച്ചു 3.63 കോടി രൂപ മൂല്യം വരുന്ന പച്ച തേങ്ങയാണ് ഫാം നെറ്റ് വഴി സംഭരിച്ചത്.ഫലവർഗ്ഗ കൃഷി പദ്ധതി പ്രകാരം 19 ഹെക്ടർ സ്ഥലത്ത് പുതിയതായി മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷവിളകളുടെയും കൃഷി ആരംഭിച്ചു.

തരിശ് രഹിത തൃത്താല എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മണ്ഡലത്തെ പൂർണമായി തരിശുരഹിത മണ്ഡലമാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.പച്ചക്കറി സ്വയംപര്യാപ്തത എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കടുക്കുകയാണ് സുസ്ഥിര തൃത്താല വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മണ്ഡലത്തിലാകെ 153 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുമുണ്ട്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. സിന്ധു ദേവി, വിവിധ വകുപ്പ് മേധാവികൾ, തുടങ്ങിയവർ പങ്കെടുത്തു.