* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു
* 432 ഉന്നതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 18 സെമിനാറുകൾ

കേരള വനം വകുപ്പും കേരള വനഗവേഷണ സ്‌ഥാപനവും പട്ടിക വർഗ വികസന വകുപ്പും സഹകരിച്ചു സംഘടിപ്പിക്കുന്ന ‘ഗോത്രഭേരി’ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ആദിവാസി ഗോത്ര സമൂഹങ്ങളിൽ ഉൾച്ചേർന്ന അറിവുകൾ മനസിലാക്കി, അവയെ ശാസ്ത്രീയവും സാങ്കേതികവുമായ സംയോജനത്തിലൂടെ പ്രോത്സാഹിപ്പിച്ച് മനുഷ്യ- വന്യജീവി സംഘർഷങ്ങൾക്കെതിരെ പുതിയ തയ്യാറെടുപ്പുകൾ നടത്തുകയാണ് ഗോത്രഭേരി പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വനമേഖലയെ ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ നാട്ടറിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് എങ്ങനെ ആധുനിക കാലഘട്ടത്തിന്റെ സാഹചര്യവുമായി പൊരുത്തപ്പെടുത്തി മുന്നോട്ട് പോകണമെന്നത് പരിശോധിക്കും. ഗോത്ര സമൂഹം പകർന്നു നൽകിയ അറിവുകൾ ആധുനിക സമൂഹം മുഖവിലയ്ക്ക് എടുക്കാത്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്റെ അടിസ്ഥാനം. കാടും നാടും തമ്മിലുള്ള വേർപിരിയാതെയുള്ള ബന്ധത്തെ കുറിച്ചുള്ള ഗോത്രവർഗക്കാരുടെ അറിവുകൾ നമുക്കിന്ന് അജ്ഞാതമാണെന്നും ഈ കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള ആറായിരത്തോളം വരുന്ന ഉന്നതികളിൽ നിന്ന് 432 ഉന്നതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി മാർച്ച് മുതൽ മെയ് മാസത്തിനുള്ളിൽ 18 സെമിനാറുകളാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ, പട്ടിക വകുപ്പ് വികസന ഡയറക്ടർ ഡോ. രേണുരാജ്, ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ആൻഡ് നോഡൽ ഓഫീസർ (ഗോത്രഭേരി) രാജു കെ. ഫ്രാൻസിസ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി. ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് ഇന്ദുലേഖ എസ്. എന്നിവർ പങ്കെടുത്തു.