കരകുളത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി: മന്ത്രി ജി. ആർ അനിൽ
തിരുവനന്തപുരം ജില്ലയിലെ അയണിക്കാട് വാർഡിലെ മൈലാടുംപാറയിൽ സ്ഥാപിച്ച ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. മൈലാടുംപാറയിലെ പുതിയ ഉപരിതല ജലസംഭരണി പ്രവർത്തനമാരംഭിക്കുന്നതോടെ കരകുളം ഗ്രാമപഞ്ചായത്തിലെ അഞ്ചോളം വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായെന്ന് മന്ത്രി പറഞ്ഞു.
നിർമാണ ഉദ്ഘാടനം കഴിഞ്ഞ് വെറും പതിനൊന്നു മാസം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് അഭിമാനകരവും മാതൃകാപരവുമാണ്. വേനൽക്കാലത്ത് കരകുളം ഗ്രാമപഞ്ചായത്തിലെ നിവാസികൾക്ക് കുടിവെള്ള പ്രശ്നം ഉണ്ടാവാതിരിക്കാനാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയത്. പഞ്ചായത്തിലെ മൈലാടുംപാറ, തറട്ട, പുള്ളിക്കോണം, കുന്നൂർശാല, റിവർഗാർഡൻസ്, കാച്ചാണി നീന്തൽകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് പുതിയ ജലസംഭരണിയിലൂടെ കുടിവെള്ള വിതരണം സാധ്യമാകുന്നത്.
അർബൻ അഗ്ലോമറേഷൻ പദ്ധതി പ്രകാരം കരകുളം പഞ്ചായത്തിലെ കല്ലയം ഉപരിതല ജലസംഭരണി, മൈലാടുംപാറയിലെ ഉപരിതല ജലസംഭരണി എന്നിവയുടെ നിർമാണം, പമ്പിംഗ് മെയിനുകൾ , പ്രധാന ലൈനുകൾ പ്രധാന വിതരണ ലൈനുകൾ തുടങ്ങിയവ സ്ഥാപിച്ച് കുടിവെള്ള വിതരണം സാധ്യമാക്കാൻ 8.89 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
മൈലാടുംപാറയിൽ ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്ന ജലസംഭരണി 77.6 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ടാങ്കിലേക്കുള്ള പമ്പിംഗ് മെയിനുകൾ, പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുമായുള്ള പ്രവർത്തി ജൽജീവൻ മിഷൻ ആണ് ക്രമീകരിച്ചത്. രണ്ടുകോടി ആറുലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ജൽജീവൻ മിഷനിൽ നിന്ന് ലഭിച്ചത്. രണ്ട് കിലോമീറ്റർ നീളം വരുന്ന പമ്പിംഗ് മെയിനുകളും 75 എച്ച്.പി രണ്ട് സെൻട്രിഫുകൾ പമ്പ് സെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ടാങ്ക് കണക്ഷനും അനുബന്ധ പ്രവർത്തികളും പൂർത്തീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.