കൊച്ചി: ഭൂമിയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പരിസ്ഥിതി പഠന പുസ്തകങ്ങളില്‍ മാത്രം കണ്ട് പരിചയമാണ് പുതു തലമുറയിലെ മിക്ക കുട്ടികള്‍ക്കുമുള്ളത്. എന്നാല്‍ പ്രകൃതിയിലെ ഇത്തരം വൈവിധ്യങ്ങളെ ചെറിയ രീതിയിലെങ്കിലും കുട്ടികള്‍ക്ക് അനുഭവിക്കാനായി ജൈവ വൈവിധ്യ പാര്‍ക്ക് ഒരുക്കിയിരിക്കുകയാണ് മുളവൂര്‍ ഗവ: യു പി സ്‌കൂളില്‍.
വിദ്യാഭ്യാസ വകുപ്പിന്റെയും, അധ്യാപകരുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലാണ് സ്‌കൂള്‍ മുറ്റത്തോട് ചേര്‍ന്ന് ജൈവ വൈവിധ്യ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. വിവിധ ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, വിവിധയിനം പുഷ്പങ്ങള്‍ നിറഞ്ഞ ശലഭോദ്യാനം, കരനെല്‍കൃഷി, പച്ചക്കറികളാല്‍ സമൃദ്ധമായ ജൈവ കൃഷിത്തോട്ടം, ധാന്യച്ചെടികള്‍ എന്നിവയാണ് ജൈവ വൈവിധ്യ പാര്‍ക്കിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി പാര്‍ക്കില്‍ കുളവും സജ്ജീകരിച്ചിട്ടുണ്ട്. ചെറുമീനുകള്‍, ആമ്പല്‍, ജല ജീവികള്‍ എന്നിവ അടങ്ങിയ കുളം പാര്‍ക്കിലെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്. ചെറുനാരങ്ങ, പേര, ഞാവല്‍, കശുമാവ്, നെല്ലിക്ക, മാവ്, മള്‍ബറി അടക്കമുള്ള വ്യത്യസ്ഥമായ പത്തോളം ഫലവൃക്ഷങ്ങളും, വിവിധയിനം ഔഷധ സസ്യങ്ങളും, മുല്ല, സീനിയ, ആമ്പല്‍, റോസ, മന്ദാരം, വെന്തി, ചെമ്പരത്തി, കണികൊന്ന, ഇലമുളച്ചി, ഇലഞ്ഞി, ചെത്തി, കൃഷ്ണകിരീടം, ബോള്‍സം, കാക്കപ്പൂവ്, പത്ത് മണി ചെടികള്‍, ഡാലിയ, വിവിധയിനം ഓര്‍ക്കിഡ്, അരളി, ലില്ലി, വെള്ളില, കൊങ്ങണികള്‍, അടക്കമുള്ള നാല്പതോളം ചെടികളോടു കൂടിയ പൂന്തോട്ടവും, മുരിങ്ങ, കറിവേപ്പ്, പയര്‍, വെണ്ട, പാവലം, പോലുള്ള ഇരുപത്തി രണ്ടിനം പച്ചക്കറികള്‍ അടങ്ങിയ ജൈവ പച്ചക്കറി തോട്ടവും ഈ ഉദ്യാനത്തിന്റെ ഭാഗമായുണ്ട്.
പ്രധാനാധ്യാപികയായ പി. റംലയുടെയും അധ്യാപകരായ ജെസി ജോസഫ്, കെ.കെ.ലീന എന്നിവരും വിദ്യാര്‍ത്ഥികളുമാണ് പാര്‍ക്കിന്റെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളില്‍ കൃഷിയെകുറിച്ച് അവബോധം ഉണ്ടാകുന്നതിനാണ് സ്‌കൂള്‍ പരിസരത്ത് ജൈവ വൈവിധ്യ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കേട്ടറിവ് മാത്രമുള്ള ഔഷധ സസ്യങ്ങള്‍ പോലുള്ളവയെ നേരില്‍ പരിപാലിച്ച് പഠിക്കുന്നതിന് ഈ പാര്‍ക്ക് ഏറെ സഹായകരമാകും എന്നും പ്രധാനാധ്യാപിക പറഞ്ഞു. ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 17) രാവിലെ 10ന് മൂവാറ്റുപുഴ ബി.ആര്‍.സി.ട്രെയിനര്‍ പി.വി.കുര്യാക്കോസ് നിര്‍വ്വഹിക്കും. പി.ടി.എ പ്രസിഡന്റ് പി.എം. ജലീല്‍ അദ്ധ്യക്ഷത വഹിക്കും.

ക്യാപ്ഷന്‍: മുളവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്ക്.