കൊച്ചി: വിവിധ ധനസഹായങ്ങളിലൂടെ നടപ്പാക്കിയ പദ്ധതികളുടെ അവലോകനത്തിനായി ലോകബാങ്ക് സംഘം പറവൂരിൽ സന്ദർശനം നടത്തി. പറവൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടെർമിനൽ, പള്ളിത്താഴം മാർക്കറ്റ് എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. ഉറി റിക്, ഹർഷ് ഗോയൽ, നഹോ ഷിബുയി, ദീപ ബാലചന്ദ്രൻ, മൃദുല സിംഗ്, ആനന്ദ് മാത്യു, രാമാനുജം, സീമ അവസ്തി എന്നീ പ്രതിനിധികളടങ്ങിയ സംഘമാണ് എത്തിയത്. കേരള ലോക്കൽ ഗവൺമെന്റ് സർവീസ് ഡെലിവറി പ്രോജക്ട് (കെ.എൽ.ജി.എസ്.ഡി.പി) ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ. വി.പി സുകുമാരൻ സംഘത്തെ അനുഗമിച്ചു.
2016 ഡിസംബറിൽ നിർമാണം ആരംഭിച്ച പദ്ധതിയാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടെർമിനൽ. 77,07,451 രൂപയാണ് ടെർമിനലിന്റെ നിർമ്മാണത്തിനായി അനുവദിച്ചത്. അതിന്റെ ടെൻഡർ സേവിംഗ്സ് ഉപയോഗിച്ച് ടെർമിനലിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 19 ലക്ഷം രൂപയും അനുവദിച്ചു. ഇതിന്റെ ഇലക്ട്രിഫിക്കേഷൻ മെറ്റീരിയലുകൾ വാങ്ങുന്നതിനായി 2,50,000 രൂപയാണ് അനുവദിച്ചത്.  ബസ് ടെർമിനൽ പൂർത്തീകരണത്തിനായി ആകെ അനുവദിച്ച തുക 98,57,451 രൂപയാണ്. 95,44,886 രൂപ മുതൽ മുടക്കിൽ നിർമ്മാണം പൂർത്തിയാക്കി. 432 ചതുരശ മീറ്റർ വിസ്തീർണമുള്ള ഒരു നില കെട്ടിടവും ടൈൽ വിരിച്ച ബസ് സ്റ്റാന്റ് യാർഡുമായാണ് പണിതിരിക്കുന്നത്. കെട്ടിടത്തിൽ കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി സൗകര്യങ്ങൾ, പേ ആൻഡ് യൂസ് പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസ് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ്, പോലീസ് എയ്ഡ് പോസ്റ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. ടെർമിനലിലെ കട മുറികളുടെ ലേലത്തിൽ നിന്നും നഗരസഭയ്ക്ക് നല്ലൊരു വരുമാനമാണ് ലഭിച്ചത്. 2017 മാർച്ചിലായിരുന്നു ടെർമിനലിന്റെ ഉദ്ഘാടനം.
94,82,185 രൂപ അനുവദിച്ച പള്ളിത്താഴം മാർക്കറ്റ് നവീകരണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2016 നവംബറിലാണ്. അതിന്റെ ടെൻഡർ സേവിംഗ്സ് ഉപയോഗിച്ചുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 22,40,000 രൂപയും അനുവദിച്ചു. മാർക്കറ്റിന്റെ ആസ്തി സംരക്ഷണത്തിനായി ചുറ്റുമതിൽ പണിയുന്നതിന് 4,84,000 രൂപ ലഭിച്ചു. പള്ളിത്താഴം മാർക്കറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കുമായി 1,22,06,185 രൂപയാണ് ആകെ അനുവദിച്ചത്. ഇതിൽ 1,06,02,904 രൂപ ചെലവഴിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 464.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ബയോഗ്യാസ് പ്ലാന്റ്, ഇലക്ട്രിഫിക്കേഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. 18 കടമുറികളും ഒരു സ്റ്റോറും ശുചിമുറി സൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. തികച്ചും ജനോപകാരപ്രദമായ രീതിയിൽ ഡിസേബിൾഡ് ഫ്രണ്ട്‌ലി ആയാണ് രണ്ടു കെട്ടിടങ്ങളുടേയും നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി. നഗരസഭയുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും വീണ്ടും സഹായങ്ങൾ ലഭ്യമാക്കുമെന്നും ലോകബാങ്ക് പ്രതിനിധികൾ അറിയിച്ചതായി പറവൂർ നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ് പറഞ്ഞു. പറവൂർ മുനിസിപ്പൽ സെക്രട്ടറി നീതു ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രദീപ് തോപ്പിൽ, ഡെന്നി തോമസ്, കൗൺസിലർ രാജ്കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പം എത്തി.