ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിൻ സർക്കാർ ലക്ഷ്യമിടുന്നു: മന്ത്രി സജി ചെറിയാൻ

സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി. ‘മാനവസമത്വം – സാംസ്‌കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി, കേരളത്തിലെ കലാലയങ്ങളിൽ ലഹരിവിരുദ്ധ കലാ സാംസ്‌കാരിക ബോധവത്കരണ പരിപാടികളും, ജില്ലാ കേന്ദ്രങ്ങളിൽ സമഭാവനയുടെ സന്ദേശം ഉയർത്തുന്ന കേരളീയ കലകളുടെ അവതരണവും ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവകരമായ പ്രശ്നം ലഹരിയാണെന്നും ലഹരി വ്യാപനം നിയമം വഴി തടയാനുള്ള ശക്തമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി മുൻകൈ എടുത്തുകൊണ്ട് ലഹരിക്കെതിരെയുള്ള വലിയൊരു പ്രോജക്ട് കേരളത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേർന്നു നിന്നുകൊണ്ട് കേരളത്തിലെ യുവജനങ്ങൾക്കിടയിൽ, കലാലയങ്ങളിൽ, വിദ്യാർഥികൾക്കിടയിൽ, സമൂഹത്തിലെ എല്ലാ മേഖലകളിലും സാംസ്കാരിക വകുപ്പിന് എങ്ങനെ ഇടപെടാൻ കഴിയുമെന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ലഹരിമുക്ത കേരളത്തിനായി ഒരു പദ്ധതി നടപ്പിലാക്കണമെന്ന് തീരുമാനിച്ച് ഫോക്‌ലോർ അക്കാദമിയെ ചുമതലപ്പെടുത്തിയത്.

കേരളത്തിലെ യുവജനസംഘടനകളേയും, യുവജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ഗവൺമെന്റ്, അതിന്റെ ഭാഗമായി വരുന്ന ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, സാംസ്കാരിക മേഖല, എക്സൈസ്, മറ്റ് ഡിപ്പാർട്ടുമെന്റുകളേയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു ശ്രദ്ധേയമായ ക്യാമ്പയിനാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഈ ക്യാമ്പയിനിന്റെ ഭാഗമായി സമത്വം എന്നൊരു മുദ്രാവാക്യം കൂടി നമ്മൾ മുന്നോട്ടുവയ്ക്കുന്നു. എല്ലാ മനുഷ്യരും ഒന്നാണ് എന്ന് കാണുന്ന ആശയം നമുക്ക് കേരളത്തിൽ ശക്തിപ്പെടുത്തണം. ഇന്നലെകളിൽ ആ ആശയം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. അത് ഉണ്ടാകാൻ വേണ്ടി നവേത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ഒരുപാട് പങ്ക് വഹിച്ചുവെങ്കിലും നമ്മുടെ നാട് മെല്ലെ സമത്വം എന്ന ആശയത്തിൽ നിന്നും പുറകോട്ട് പോകുന്നു എന്ന ചിന്തയാണ് പലർക്കുമിന്ന് ഉണ്ടാകുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തിലേക്ക് നമ്മുടെ നാടിനെ നമുക്ക് കൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ സാമൂഹ്യ പ്രവർത്തകരേയും സംഘടനകളേയും കലാ സാംസ്കാരിക സാഹിത്യ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.

കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ കോയ കാപ്പാട്, സെക്രട്ടറി എ.വി. അജയകുമാർ, ഭരണാസമിതി അംഗം സുരേഷ് സോമൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, നാടകാചാര്യൻ സൂര്യ കൃഷ്ണാമൂർത്തി, ഗായകൻ പന്തളം ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.