ആലപ്പുഴ: തീരദേശ വികസനത്തിനും തീരദേശവാശികൾക്കുമായി ക്യാബിനറ്റ് യോഗത്തിൽ ചർച്ച നടക്കുന്നതായി ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്ക്. സംസ്ഥാന ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശനിവാസികൾക്കായി പ്രത്യേക പാക്കേജ്, ദിശ നിർണയ ഉപകരണം, സാറ്റ്‌ലൈറ്റ് ഫോണുകൾ എന്നീ ഉപകരണങ്ങളും മത്സ്യബന്ധനത്തിനു പോകുന്നവർക്കായി അനുവദിക്കും. 12 മീറ്റർ വീതിയിൽ തീരദേശ റോഡുകൾ പണിയും. അവയ്ക്കു സ്ഥലം ലഭ്യമാകുന്നില്ലെങ്കിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കും. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഈ ഹൈവേയുടെ വരവോടെ ടൂറിസം മേഖല സജീവമാകും. പത്തു ലക്ഷം രൂപ അധികം ചിലവാക്കി 50 മീറ്റർ പരിധിയിലുള്ള തീരദേശ നിവാസികളെയും സുരക്ഷ മുൻനിർത്തി മാറ്റി പാർപ്പിക്കും. അതോടൊപ്പം മത്സ്യതൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനായി 100 കോടി മുടക്കി ചെട്ടിക്കാട് ആശുപത്രിയും തുറക്കും. സ്ഥലം ഉടമസ്ഥരുമായുള്ള തർക്കം മൂലമാണ് ആശുപത്രി തുറക്കാൻ വൈകുന്നത്. വൈകിയവേളയിൽ പ്രഖാപിച്ച ഹർത്താലിനെയും അദ്ദേഹം വിമർശിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കായുള്ള തുടർചികിത്സയും നൽകും.
മാരാരിക്കുളം നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രിയേഷ്‌കുമാർ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ടി.മാത്യു, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.സിയാർ, ഫിഷറീസ് അസി.ഡയറക്ടർ കെ.നൗഷർഖാൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പ്രകാശൻ, തീരദേശ വാർഡ് മെമ്പർ സുനിത ചാർളി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ബി. സുര എന്നിവർ പങ്കെടുത്തു.
ആശ്വാസമായി മെഡിക്കൽ ക്യാമ്പ്
ആലപ്പുഴ: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിനെ വക വയ്ക്കാതെ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ നിരവധിപേരെത്തി. മെഡിക്കൽ – ഡെന്റൽ കോളജ്, ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ശിശുരോഗം, നേത്രരോഗം, ജനറൽ , ത്വക്ക് രോഗം, ദന്ത വിഭാഗം, ഗൈനക്കോളജി , തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മരുന്നും നൽകി. ഹർത്താലിനെ വകവെയ്ക്കാതെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.