ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ അറിയിച്ചു. പീച്ചി അണക്കെട്ടില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെ മണലിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഒരു സെമി പെര്‍മനന്റ് സ്ട്രക്ച്ചറാണ് കൈനൂര്‍ ചിറ. ഒമ്പത് കിലോമീറ്റര്‍ അധികം നീളമുള്ള പുത്തൂര്‍ ഡൈവേര്‍ഷന്‍ കനാലിലൂടെ ജലവിതരണം സുഗമമാക്കുന്നതിന് നദിയുടെ ജലനിരപ്പ് ഉയര്‍ത്തുക എന്നതാണ് ഈ ഘടനയുടെ പ്രാഥമിക ധര്‍മ്മം. ഇതുവഴി നദിയില്‍ നിന്ന് എടുക്കുന്ന വെള്ളം ജലസേചനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ പ്രദേശത്തിന്റെ കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം ചിറയുടെ മുകളില്‍ ഭാഗത്തെ സമീപപ്രദേശങ്ങളിലും കിണര്‍ റീചാര്‍ജ്ജിലും ഭൂഗര്‍ഭജല റീചാര്‍ജിങ്ങിലും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

കൈനൂര്‍ ഭാഗത്ത് മണലിപ്പുഴയുടെ ഇരുകരകളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിനായി പ്രദേശവാസികളില്‍ നിന്നും ഒരു ദശാബ്ദത്തില്‍ ഏറെയായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നുള്ളത്. ഈ പ്രവൃത്തി നടപ്പിലായാല്‍ ഇരു കരയിലേക്കുള്ള ഗതാഗതം എളുപ്പമാകും. ഇതുകൂടാതെ ചിറയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ചിലവാകുന്ന തുക ഒഴിവാക്കാനും സാധിക്കുന്നതാണ്. നിലവിലുള്ള കൈനൂര്‍ച്ചിറ പൂര്‍ണമായും പൊളിച്ചുമാറ്റി 46 മീറ്റര്‍ നീളത്തില്‍ പണിയുന്ന ആര്‍സിബിയ്ക്ക് 10 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള നാല് ഷട്ടറുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആര്‍സിബിയുടെ ഡെക്ക്സ്ലാബിന് 4.7 മീറ്റര്‍ വീതിയാണുള്ളത് ഇരുകരകളിലേക്കുമുള്ള അപ്പ്രോച്ച് റോഡിന്റെ നിര്‍മ്മാണവും റിവര്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഗുലേറ്ററിന്റെ ഷട്ടര്‍ ഓപ്പറേഷനുകള്‍ എല്ലാം മെക്കാനിക്കല്‍ സഹായത്തോടെയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്കായി 2024 ഡിസംബര്‍ 21 ന് ഗവണ്‍മെന്റില്‍ നിന്ന് പത്തുകോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനാകും.18 മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി.