വെടിയുണ്ടപോലെ ചീറിപ്പായുന്ന ഷോട്ടുകള്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റിയ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത് സേവനത്തില്‍. തൃശൂര്‍ കെ.എ.പി. ഒന്നിലെ സി.ഐയായ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത്  നവംബര്‍ 30 വരെയുള്ള പോലീസിന്റെ ആദ്യഘട്ട സുരക്ഷാ ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് ഐ.എം.വിജയനെ സുരക്ഷാ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.
ഫുട്ബോള്‍ പോലെ പ്രിയപ്പെട്ടതാണ് തന്റെ പോലീസ് ജോലിയുമെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഐഎം. വിജയന്‍ പറഞ്ഞു. ഇതിനു മുന്‍പും മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വാടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനത്തില്‍ നന്നേ നിരാശനാണ്  ഐ.എം.വിജയന്‍. എല്ലാ മേഖലയിലും ബ്ലാസ്റ്റേഴ്സ് മികവ് പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
  ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസമെന്ന നിലയിലും, ജയരാജിന്റെ ശാന്തം ഉള്‍പ്പടെയുള്ള ഒട്ടേറെ സിനിമകളിലെ അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത ഐ.എം.വിജയന്‍ പൊലീസ് വേഷത്തിലും തിളങ്ങുകയാണ്. നല്ല മഴ.. നമുക്ക് വീണ്ടും കാണാം, ശരം കുത്തിയില്‍ മഴ കനത്തതോടെ സി.ഐ. ഐ.എം.വിജയന്‍ വീണ്ടും തന്റെ ജോലിയില്‍ കര്‍മ്മനിരതനായി.