മലകയറി വരുന്ന അയ്യപ്പ ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി സഹാസിന്റെയും എസ്.ആര്‍.എം. സിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത സംരംഭമായ ശബരിമല സോപാനം പ്രിവന്റീവ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാവിലെ തിരുമുറ്റത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര് ഉദ്ഘാടനം നിര്‍വഹിച്ചു. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍, സഹാസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍. ഒ.വാസുദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മലകയറി എത്തുന്ന പ്രായമുള്ളവര്‍ക്കും, ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖം ഉള്ളവര്‍ക്കും, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ആശ്വാസമാണ് സോപാനം പ്രിവന്റീവ് ക്ലിനിക്ക്. രോഗികളായ അയ്യപ്പഭക്തര്‍ക്ക് ഇവിടെ പ്രാഥമിക ചികിത്സ നല്‍കി ആശ്വാസമേകും. ചെറിയ മുറിവുകള്‍ക്കുള്ള പ്രാഥമിക ചികിത്സയും സോപാനം ക്ലിനിക്കില്‍ ലഭ്യമാണ്.
ചെന്നൈ എസ്.ആര്‍.എം. മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വിപിന്റെ സേവനം നട തുറക്കുമ്പോള്‍ മുതല്‍ അടയ്ക്കുന്നത് വരെ സോപാനം ക്ലിനിക്കില്‍ ലഭ്യമാണ്. പരിശീലനം നേടിയ ഒരു സ്റ്റാഫ് നഴ്സിന്റെയും ഒരു നഴ്‌സിംഗ് അസിസ്റ്റന്റിന്റെയും സേവനവും ലഭ്യമാണ്. കൂടാതെ എന്‍.ഡി.ആര്‍.എഫിന്റെ ഫാര്‍മസിസ്റ്റിന്റെ സേവനവും ക്ലിനിക്കില്‍ ഉണ്ട്.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധുനിക ഉപകരണമായ ഷോക്ക് ബോക്‌സ് എന്നറിയപ്പെടുന്ന എ. ഇ. ഡി. മെഷീനും സോപാനം ക്ലിനിക്കില്‍ ഉണ്ട്. മലകയറി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ശ്വാസംമുട്ടോ, ഹൃദയസംബന്ധമായ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ഉടന്‍ സോപാനം ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സഹാസ് കാര്‍ഡിയോളജി സെന്റര്‍ സെക്രട്ടറിയും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോക്ടര്‍ ഒ. വാസുദേവന്‍ പറഞ്ഞു.