ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ളാഹ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ മാംസഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
വിലവിവരപ്പട്ടികകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
വാഹനങ്ങളുടെ സമീപം ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കലിലെ പാര്‍ക്കിംഗ് സ്ഥലം, പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് സുരക്ഷാ കാരണങ്ങളാല്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ശബരിമല കാനന പാതകള്‍, തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വനാതിര്‍ത്തികള്‍ എന്നിവിടങ്ങള്‍ ചപ്പുചവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര അവശിഷ്ടങ്ങള്‍, ശീതള പാനീയ കുപ്പികള്‍ എന്നിവ പൊതുശല്യമുണ്ടാക്കുന്ന വിധത്തില്‍ നിക്ഷേപിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള സ്‌നാനം നിരോധിച്ചു
ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പാ നദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.