പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവന്‍ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി വിഭാവന നിര്‍വഹണം എന്നിവയ്ക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കും. ജലസ്രോതസ്, പാതകള്‍, കെട്ടിടം, തെരുവ് വിളക്കുകള്‍, കുടിവെള്ള പൈപ്പുകള്‍, തോടുകള്‍, കിണറുകള്‍, പാലം, കലുങ്കുകള്‍ എന്നിവയുടെ വിവരശേഖരണം ഡ്രോണ്‍ ഉപയോഗിച്ച് നടത്തും. ജീവനക്കാര്‍ക്ക് സ്ഥലത്ത് നേരിട്ട് എത്താതെ കൃത്യതയോടെ പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമാകും.
മുഴുവന്‍ കെട്ടിടങ്ങളുടെയും ചിത്രം ഉള്‍പ്പടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രൂപരേഖ ഒരുക്കുന്നതോടൊപ്പം പാത, സ്ഥല അടയാളം, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ സ്ഥലനിര്‍ണയം എന്നിവ വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം പരിശോധിക്കാനാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല.
കെട്ടിട വിസ്തീര്‍ണം, കുടുംബ വിവരങ്ങള്‍, വികസന റിപ്പോര്‍ട്ട്, വാര്‍ഡ് വിവരങ്ങള്‍, ഹരിത കര്‍മ സേന ഡേറ്റാ ബാങ്ക് എന്നിവയും സര്‍വേയില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആക്കാനാണ് ശ്രമമെന്ന് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള പറഞ്ഞു.