സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ.

രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്. 2023ൽ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ 28ൽ നിന്ന് 15-ാം സ്ഥാനത്തേക്ക് വ്യവസായ കേരളം കുതിപ്പ് നടത്തി. തൊട്ടടുത്ത വർഷം കേന്ദ്ര ഈസ് ഓഫ് ഡുയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തി. രാജ്യത്ത് ബിസിനസ് ഫ്രണ്ട്ലി നയങ്ങളുടെ നടപ്പാക്കലിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ 9 വിഭാഗങ്ങളിലും 95 ശതമാനത്തിലേറെ മാർക്ക് നേടിയാണ് കേരളം ചരിത്രം കുറിച്ചത്. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.

കെ-സ്വിഫ്റ്റ് (K-SWIFT) പോർട്ടൽ വ്യവസായങ്ങൾക്കുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ സഹായിക്കുന്നു. കെ-സിസ് (K-CIS) എന്ന ഏകീകൃത പരിശോധനാസംവിധാനം നിലവിൽ വന്നു. ഇതു പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കി. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ പെടാത്തതുമായ വ്യവസായങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ ലൈസൻസ് ഇല്ലാതെ മൂന്നുവർഷം വരെ പ്രവർത്തന അനുമതി നൽകുന്ന composite license scheme നടപ്പാക്കിയിട്ടുണ്ട്. സംരംഭക പരാതികൾ പരിഹരിക്കാൻ രാജ്യത്ത് ആദ്യമായി സിവിൽ കോടതി അധികാരത്തോടെയുള്ള സ്റ്റാറ്റിയൂട്ടറി സമിതിയും ഓൺലൈൻ പോർട്ടലും സംസ്ഥാനത്ത് സാധ്യമാക്കി.

സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ വ്യാവസായിക നയം 2023-ൽ സർക്കാർ അംഗീകരിച്ചു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുക, നൈപുണ്യ വികസനം, സുസ്ഥിര വ്യവസായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങൾ, ഫുഡ് ടെക്‌നോളജീസ് തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നു. MSME (Micro, Small and Medium Enterprises) മേഖലയ്ക്ക് പ്രത്യേക ശ്രദ്ധയും സഹായവും നൽകുന്നു. നിക്ഷേപം നടത്തുന്നവർക്ക് വിവിധ സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ഈ നയത്തിലൂടെ ലഭ്യമാക്കുന്നു.

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലുള്ള വലിയ നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ചു. സ്വകാര്യ മേഖലയിൽ വ്യവസായപാർക്കുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 10,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി പോലുള്ള വ്യാവസായിക ഇടനാഴികൾ (Industrial Corridors) വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇത്തരം ഒട്ടനവധി നടപടികളിലൂടെ കൂടുതൽ സൗഹൃദപരമായ അന്തരീക്ഷമാണ് വ്യവസായങ്ങൾ സജീവമാകാൻ കേരളം ഒരുക്കിയിരിക്കുന്നത്.
—-