എല്ലാ വിഷയങ്ങൾക്കും എ പ്ലസ് 61,449 വിദ്യാർത്ഥികൾക്ക്

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072  സെന്ററുകളിലായി 4,27,020  വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  99.5 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത്  99.69 ആയിരുന്നു .  61,449  വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം  71,831  വിദ്യാർത്ഥികളായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതെന്നും എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനായി സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടത്തിയ  വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

 എസ്.എസ്.എൽ.സി പ്രൈവറ്റായി 68 വിദ്യാർത്ഥികൾ പുതിയ സ്‌കീമീൽ  പരീക്ഷ എഴുതിയതിൽ 46 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 67.65. എസ്.എസ്.എൽ.സി പ്രൈവറ്റായി പഴയ സ്‌കീമിൽ  6 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 4 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 66.67. കണ്ണൂരാണ് വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.87), ഏറ്റവും കുറവ്  തിരുവനന്തപുരം ജില്ല (98.59). പാലായും മാവേലിക്കരയുമാണ് വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ (100). വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല  ആറ്റിങ്ങലാണ്  (98.28). മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല. 4,115 വിദ്യാർത്ഥികൾ.  കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.

ഗൾഫിൽ 7 പരീക്ഷ കേന്ദ്രങ്ങളിലായി 681 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 675 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടി. 99.12 ആണ് വിജയശതമാനം.  ഗൾഫിലെ 4 സെന്ററുകൾ  നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.  ലക്ഷദ്വീപിൽ 9 പരീക്ഷാ കേന്ദ്രങ്ങളിലായി 447 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 428 പേർ ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടി. വിജയ ശതമാനം 95.75. ലക്ഷദ്വീപിലെ  നാല് സെന്ററുകൾ നൂറ് ശതമാനം വിജയം നേടി.

 മലപ്പുറത്തെ പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോടാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ. 2,017 പേർ. 2,013 പേർ വിജയിച്ചു. ഇതിൽ 299  വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനം 99.8.കണ്ണൂർ സെന്റ് ജോസഫ്സ് സ്‌കൂൾ, പെരട്ടയാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ. ഒരു വിദ്യാർത്ഥി.

 48 കേന്ദ്രങ്ങളിലായിരുന്നു റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷ  നടന്നത്. പരീക്ഷ എഴുതിയ 3,055 വിദ്യാർത്ഥികളിൽ 3,039  പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.48. 429 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.  2 കേന്ദ്രങ്ങളിലായി 12 പേർ റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) പരീക്ഷ എഴുതി. ഇതിൽ 12 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. നൂറു ശതമാനമാണ് വിജയം. 29  പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന എസ്.എസ്.എൽ.സി. (എച്ച്.ഐ) പരീക്ഷയിൽ 207 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 206 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.51. 31 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

തൃശൂർ കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ  നടന്ന എ.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 66 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 66 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹതനേടി. നൂറ് ശതമാനമാണ് വിജയം. 39,981 എസ്.സി വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 39,447 പേർ ഉപരിപഠനത്തിന് അർഹത നേടി.  98.66 ആണ് വിജയശതമാനം. 2,130 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 7,279 എസ്.ടി വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7,135 പേര് വിജയിച്ചു. ഇതിൽ 162 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. 98.02 ആണ് വിജയ ശതമാനം.

1,167 സർക്കാർ സ്‌കൂളുകളിലെയും 1,424 എയ്ഡഡ് സ്‌കൂളുകളിലെയും 465 അൺ എയ്ഡഡ് സ്‌കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. 856 സർക്കാർ സ്‌കൂളുകളും 1,034 എയ്ഡഡ് സ്‌കൂളുകളും 441 അൺ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. ആകെ 2,331 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി.

സർക്കാർ സ്‌കൂളായ ജി.ബി.എച്ച്.എസ്.എസ് തിരൂരും (728), എയ്ഡഡ് സ്‌കൂളായ എ.കെ.എൻ. എച്ച്.എസ്.എസ് കോട്ടൂരും (1,455), അൺഎയ്ഡഡ് സ്‌കൂളായ  സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ് കുരിയച്ചിറയും (242) ആണ്  ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾ.

വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് വയ്യാറ്റുപുഴയാണ് വിജയ ശതമാനം (66.67) ഏറ്റവും കുറഞ്ഞ എയ്ഡഡ് സ്‌കൂൾ. വിജയ ശതമാനം (73.68) ഏറ്റവും കുറഞ്ഞ സർക്കാർ സ്‌കൂൾ ഗവ. എച്ച്.എസ്. കരിക്കകം ആണ്.

ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 12 മുതൽ 17 വരെ ഓൺലൈനായി അപേക്ഷ നൽകണം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടത്തി ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2025 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.

എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് ലഭിക്കും.  2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷാ ഫലം മന്ത്രി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.