വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കും
വയനാട് ജില്ലയിൽ റൂസാ പദ്ധതിയിൽപ്പെടുത്തി മോഡൽ ഡിഗ്രി കോളേജ് 5 പുതിയ കോഴ്‌സുകളോടെ ആരംഭിക്കും. സ്ഥാപനത്തിന്റെ പ്രവർത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും. മാനന്തവാടി തൃശ്ശിലേരി വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കർ ഭൂമിയിലാണ് കേളേജ് സ്ഥാപിക്കുക.

മാനേജിംഗ് ഡയറക്ടർമാർ
കെൽ-ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിൽ കെ. രാജീവനെയും ട്രാവൻകൂർ സിമമെന്റ്‌സ് ലിമിറ്റഡിൽ ജി. രാജശേഖരൻ പിള്ളയെയും മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.
കാനറ ബാങ്ക് ജനറൽ മാനേജറായി വിരമിച്ച എസ്. പ്രേംകുമാറിനെ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി രണ്ട് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.
മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി ഡോ. സലിൽ കുട്ടിയെ നിയമിക്കും.

സ്‌കൂൾ ഏറ്റെടുക്കും
കാസർകോട് ഇടയിലക്കാട് എ എൽ.പി.സ്‌കൂൾ മാനേജരുടെ അപേക്ഷ പരിഗണിച്ച് സർക്കാർ നിരുപാധികം ഏറ്റെടുക്കാൻ തീരുമാനിച്ചു.

അന്വേഷണ കമ്മീഷൻ കാലാവധി ദീർഘിപ്പിച്ചു
താനൂർ ബോട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ അന്വേഷണ കമ്മീഷൻ കാലാവധി 6 മാസത്തേക്കു കൂടി ദീർഘിപ്പിച്ചു.
കേരളത്തിൽ 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് വി.കെ. മോഹനൻ അന്വേഷണ കമ്മീഷൻ കാലാവധി 6 മാസത്തേക്കു കൂടി ദീർഘിപ്പിച്ചു.

നഷ്ടപരിഹാരം
കടന്നൽ ആക്രമണത്തിൽ മരണപ്പെട്ട ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്‌തെറിന്റെ ഭർത്താവ് ബാലകൃഷ്ണന് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നൽകും.

സർവീസിൽ നിലനിർത്തും
അപകടത്തെത്തുടർന്ന് 75 ശതമാനം ഭിന്നശേഷിത്വം സംഭവിച്ച ഹസ്ത വി.പിയെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിലനിർത്താൻ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ ഒരു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കും.
കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിൽ സേവനം അനുഷ്ഠിച്ചുവരുന്ന എം.എ സതിയെ ശാരീരിക അവശത നേരിടുന്ന സാഹചര്യത്തിൽ സൂപ്പർ ന്യൂമററി സൃഷ്ടിച്ച് സർവീസിൽ നിലനിർത്തും.