സംസ്ഥാനത്ത് സ്കൂളുകൾക്ക് പ്രളയത്തിൽ നഷ്ടപ്പെട്ട ഐടി ഉപകരണങ്ങൾക്ക് പകരം പുതിയവ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് (നവംബർ 22) മുതൽ വിതരണം ചെയ്യും. ഒമ്പത് ജില്ലകളിലായി 989 ലാപ്ടോപ്പുകളും 145 പ്രൊജക്ടറുകളുമാണ് വിതരണം ചെയ്യുന്നത്.
പ്രളയത്തിൽ കേടുപാട് സംഭവിച്ച 107 കമ്പ്യൂട്ടറുകൾ കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ഹാർഡ്വെയർ ക്ലിനിക്ക് നടത്തി പ്രവർത്തന സജ്ജമാക്കിയിരുന്നു. നഷ്ടമായ ഉപകരണങ്ങൾക്ക് പകരം സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കമ്പനികൾക്ക് കത്തയച്ചിരുന്നു. ഇതനുസരിച്ച് എയ്സർ ഇന്ത്യ 435 ലാപ്ടോപ്പുകളും ബി.പി.സി.എൽ കൊച്ചി റിഫൈനറി 170 ലാപ്ടോപ്പുകളും (50 ലക്ഷം രൂപ) ബെൻക്വർ ഇന്ത്യ 100 പ്രൊജക്ടറുകളും സൗജന്യമായി ലഭ്യമാക്കി. നവംബറിൽ തന്നെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.