സംസ്ഥാനത്തെ പ്രത്യേക പ്രയാസങ്ങളനുഭവിക്കുന്നതും ഉയർന്ന പിന്തുണ ആവശ്യമുള്ളതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ ഫെയ്സ് റെക്കഗ്‌നിഷൻ മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. നേരത്തെ, സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഈ വിഭാഗം ജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഫെയ്സ് റെക്കഗ്‌നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ ഇളവ്. 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക. ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ തീരുമാനം സഹായകമാകും.