കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷകളിൽ ശരിയുത്തരം ഇല്ലാതെ വരികയോ ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾ ഒഴിവാക്കി, ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം പരിശോധിച്ച് മൂല്യനിർണ്ണയം നടത്തുകയാണ് പതിവെന്നും ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷയിലും ഇതേ നടപടിക്രമം പാലിക്കുമെന്നും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

ബോർഡോ, ബോർഡിലെ ഉദ്യോഗസ്ഥരോ അല്ല റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകരുടെ പാനലിൽ നിന്ന് തെരെഞ്ഞെടുക്കുന്ന അധ്യാപകർ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ലഭിക്കുന്ന ചോദ്യപേപ്പർ അതേപടി സെക്യൂരിറ്റി പ്രസ്സിൽ പ്രിന്റിംഗിന് അയച്ച് പ്രസ്സിൽ നിന്ന് നേരിട്ട് പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പാനലിലെ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ചോദ്യപേപ്പർ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളാണ് ആദ്യം കാണുന്നത്. പരീക്ഷ കഴിഞ്ഞ ശേഷം മാത്രമേ ബോർഡും ഉദ്യോഗസ്ഥരും ചോദ്യപേപ്പർ കാണുകയുള്ളൂ. അതിനാൽ തെറ്റുകൾ സാധാരണ സംഭവിക്കാറുണ്ടെന്നും റിക്രൂട്ട്മെന്റ് ബോർഡ്  വ്യക്തമാക്കി.