മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്‌ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകർഷണം. മലയാളത്തിൽ നിന്ന് ‘ഏദനും’രണ്ടുപേരും’ ഉൾപ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകൾ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘർഷങ്ങളിലേക്കും വാതിൽ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾക്ക് ശക്തമായ ദൃശ്യഭാഷ നൽകുകയാണ് സംവിധായകർ. അമിത് വി മസുർകർ സംവിധാനം ചെയ്ത ന്യൂട്ടൺ, നില മാധബ് പാണ്ഡയുടെ ഡാർക്ക് വിൻഡ് ‘ എന്നിവയാണ് മത്സരവി’ാഗത്തിലെ മറ്റ് ഇന്ത്യൻ സിനിമകൾ. ഈ വി’ാഗത്തിലെ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദർശന വേദികൂടിയാണ് ചലച്ചിത്രോത്സവം.
മരണത്തെ കേന്ദ്രപ്രമേയമാക്കി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഏദൻ’. കഥയ്ക്കുള്ളിൽ നിന്ന് പുതിയ കഥകൾ വിരിയിക്കുന്ന ഇന്ത്യൻ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പ്രേം ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘രണ്ടുപേർ’. സംവിധായകനാകാൻ ആഗ്രഹിച്ച നായകൻ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികൾ നിറഞ്ഞ രാത്രിയെ കാമറയിൽ പകർത്താൻ തീരുമാനിക്കുന്നു. ആ രാത്രിയിൽ നായകൻ നേരിടുന്ന നോട്ട് പിൻവലിക്കൽ ഉൾപ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.
തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായുള്ള നടത്തിപ്പ് നേരിടുന്ന വെല്ലുവിളികളാണ് ‘ന്യൂട്ടണി’ൽ പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ രാഷ്ട്രീയ പാരമ്പര്യവും സൂക്ഷ്മമായ സാമൂഹിക പ്രശ്‌നങ്ങളും സംവിധായകൻ തിരശ്ശീലയിൽ എത്തിക്കുന്നു.
64 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജ്യൂറി പരാമർശം ലഭിച്ച ചിത്രമാണ് ‘ഡാർക്ക് വിൻഡ് . നില മാധബ് പാണ്ഡ സംവിധാനം ചെയ്ത ഈ സിനിമ രാജസ്ഥാനിലെ കർഷകരുടെ ജീവിതഗന്ധിയായ കഥ പറയുന്നു.
സ്വവർഗ പ്രണയവും ബുദ്ധദർശനങ്ങളും പ്രമേയമാക്കി അനുച ബൂന്യവതന സംവിധാനം ചെയ്ത ‘മലില ദി ഫെയർവെൽ ഫ്‌ളവർ’, ആന്റൺ ചെഖോവിന്റെ നാടകത്തെ ആസ്പദമാക്കി ഇൽഗർ നജാഫ് സംവിധാനം ചെയ്ത പോംഗ്രനേറ്റ് ഓർച്ചാഡ്’, പലായനത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്ന ‘റിട്ടേണീ’, ഭയവും ഏകാന്തതയും വിതയ്ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ കൗമാരക്കാരി തന്റെ പ്രണയത്തിനും ജീവിതത്തിനുമായി നടത്തു ചെറുത്തുനിൽപ്പിന്റെ കഥ പറയുന്ന ‘സിംഫണി ഫോർ അന’, അയോബ് ഖ്വനീരിന്റെ ‘ദി വേൾഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്‌സിസ്റ്റ്’, അന്നെമാരി ജസിരിന്റെ ‘വാജിബ്’, ഇറാനിയൻ ചിത്രമായ ‘വൈറ്റ് ബ്രിഡ്ജ്’ എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.
സുവർണ്ണ ചകോരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനിക്കുന്നത്. മികച്ച സംവിധായകർ, നവാഗത സംവിധായകർ എന്നീ വിഭാഗങ്ങളിൽ രജത ചകോര പൂരസ്‌കാരം നൽകും. പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും രജത ചകോരം സമ്മാനിക്കും. മത്സര വിഭാഗത്തിലെ മികച്ച ഏഷ്യൻ ചിത്രത്തിന് നെറ്റ്പാക്ക് ഏർപ്പെടുത്തിയ അവാർഡും ഫിപ്രസി ജൂറി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് അന്തർദ്ദേശീയ ഫിലിം ക്രിട്ടിക്‌സ് ഫെഡറേഷൻ ഏർപ്പെടുത്തിയ അവാർഡും വിതരണം ചെയ്യും.