മാലദ്വീപിൽനിന്നുള്ള നഴ്‌സിംഗ് വിദ്യാർഥികളുടെ ബിരുദദാനവും എൻ.ഇ.പി വിസാവിതരവണവും നിർവഹിച്ചു

ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ചുള്ള ലോകനിലവാരമുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ നൈസ് അക്കാഡമിയിൽ മാലദ്വീപിൽ നിന്നുള്ള നഴ്‌സിംഗ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങും ഒമാൻ എൻ.ഇ.പി പരിപാടിയുടെ ഭാഗമായ വിദ്യാർഥികളുടെ വിസ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യസേവനമേഖലയിൽ ചടുല വളർച്ചയ്ക്കനുസരിച്ച് നൈപുണ്യമുള്ളവർക്കുള്ള ആവശ്യം വർധിപ്പിച്ചിരിക്കുകയാണ്. അത്തരത്തിനുള്ള നൈപുണ്യവികാസത്തിനാണ് സർക്കാർ ‘കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസി’നു കീഴിൽ നഴ്‌സിംഗ് നൈപുണ്യ പരിശീലനത്തിന് ‘നൈസ്’ ആരംഭിച്ചത്.
ആരോഗ്യരംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് നഴ്‌സിംഗ് വിദഗ്ധർക്ക് പരിശീലനത്തിന് ‘നൈസ്’ സജ്ജമാണ്.
ലോകവ്യാപകമായ അവസരങ്ങൾക്കനുസരിച്ചുള്ള പരിശീലനമാണിവിടെ നൽകുന്നത്. ഇതുവഴി സാമൂഹ്യ, സാമ്പത്തികരംഗത്ത് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവുന്നുണ്ട്. മാലദ്വീപിൽ നിന്നുള്ള 74 കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകാനായതും അവർക്ക് പ്ലേസ്‌മെൻറ് നേടാനായതും അഭിമാനകരമാണ്. നൈപുണ്യ വികസനത്തിന്റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
മാലദ്വീപുമായി വിദ്യാഭ്യാസ, വിനോസഞ്ചാരമുൾപ്പെടെയുള്ള മറ്റ് മേഖലകളിലും നൈപുണ്യവികസന സഹകരണത്തിന് കേരളം തയാറാണെന്നും മന്ത്രി അറിയിച്ചു.
മാലദ്വീപിലെ വിദ്യാഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം മുഖ്യാതിഥിയായിരുന്നു. നഴ്‌സിംഗ് രംഗത്ത് ആതുരരംഗത്തെ നൈപുണ്യത്തിനൊപ്പം വ്യക്തിപരമായ നൈപുണ്യം നേടാനും ‘നൈസി’ലെ പരിശീലനം സജ്ജമാക്കുമെന്ന് അവർ പറഞ്ഞു. 103 കുട്ടികൾ അടുത്ത ബാച്ചിൽ മാലദ്വീപിൽ നിന്നുന്നുണ്ട്. യുവജനങ്ങളുടെ മാനവശേഷി വികസനത്തിന് മാലദ്വീപ് സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ചടങ്ങിൽ കെയ്‌സ് ചെയർമാൻകൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു.
നൈസ് വെബ്‌സൈറ്റ് പുനഃപ്രകാശനവും നൈസ് ലോഗോയുടെ പുനഃപ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. നഴ്‌സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ പ്രഫ. പ്രസന്നകുമാരി, നൈസ് ഫാക്കൽറ്റി ഡോ.ആർ.രാംരാജ്, കിൻഫ്ര എംഡി ജീവ ആനന്ദൻ, മാലദ്വീപ് ടി.വി.ഇ.ടി അതോറിറ്റി ഡയറക്ടർ ആമിനത്ത് അസ്‌റ എന്നിവർ സംബന്ധിച്ചു. ലേബർ കമ്മീഷണർ കെ.ബിജു സ്വാഗതവും എസ്.യു.ടി യൂണിറ്റ് ഹെഡ് ജയരാമൻ വെങ്കട്ട് നന്ദിയും പറഞ്ഞു.