സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തില്‍ പഠിതാക്കള്‍ അവേശപൂര്‍വ്വം പങ്കെടുത്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മികവുത്സവത്തില്‍ നൂറിലധികം തൊഴിലാളികള്‍ പങ്കെടുത്തു. മികവുത്സവം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം പഞ്ചായത്തിലെ ആര്‍ക്ക്, മാക്‌സ്, മാക് വുഡ് കമ്പനികളിലെ തൊഴിലാളികളാണ് മികവുത്സവത്തില്‍ പങ്കെടുത്തത്.സ്‌കൂളില്‍ പോകുവാന്‍ അവസരം കിട്ടാത്തതിനാല്‍ പഠിക്കുവാന്‍ സാധിച്ചിട്ടില്ല എന്നും സ്വന്തം നാട്ടിലെത്തിയാല്‍ നാട്ടിലുള്ളവരെയും പഠിപ്പിക്കുവാന്‍ ശ്രമിക്കും എന്നും തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്തു.ജില്ലാ അക്കാഡമിക് കണ്‍വീനര്‍ കെ.വി രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍ പദ്ധതി വിശദീകരണം നടത്തി.അസി കോ ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, ഹെഡ്മാസ്റ്റര്‍ ജി ബാലകൃഷ്ണ, ഗ്രേസി വേഗാസ് ,പരമേശ്വര, ഹരിനാക്ഷി, പി ബാലകഷണ, സുധ എന്നിവര്‍ സംസാരിച്ചു.