പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം കാസര്‍കോട്  സിവില്‍സ്റ്റേഷനില്‍് പണികഴിപ്പിക്കുന്ന പ്ലാനിംഗ് ആന്റ് റിസോഴ്‌സ് സെന്ററിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റിസോഴ്‌സ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് സെന്റര്‍ നിര്‍മ്മിക്കുന്നത്.
                    കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ വലിയവികസന സാധ്യതകളാണ് കാസര്‍കോടിന് മുന്‍പില്‍ വഴി തുറക്കുന്നത്. ഈ വികസന സാധ്യതകളെ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണം. ഈ വികസന പ്രവര്‍ത്തനങ്ങളിലേക്കുള്ള ഒരു ഘടകമെന്ന നിലക്കാണ്  ഇന്ന് ഈ സെന്ററിന്റെ ശിലാസ്ഥാപനമെന്ന് മന്ത്രി പറഞ്ഞു.  ജില്ല രൂപീകരിച്ച നാളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് കാസര്‍കോട് ബഹുദൂരം മുന്‍പിലാണ്. പക്ഷേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂപകല്‍പന ചെയ്യുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നം .ഇതും പദ്ധതി നിര്‍വ്വഹണത്തെ ഒരു പരിധിവരെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
                     ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. കില ഡയറക്ര്‍ ജോയ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ മധുസൂധനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രളയത്തില്‍ സേവനമനുഷ്ഠിച്ച ജില്ലയിലെ ജീവനക്കാര്‍ക്കുള്ള അനുമോദന പത്രം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എംപി അജിത്കുമാറിന് കൈമാറി.ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിനസലീം ,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി രാജുകട്ടക്കയം,  എന്നിവര്‍ സംസാരിച്ചു. എഡിഎം എന്‍ ദേവിദാസ് സ്വാഗതവും പഞ്ചായത്ത് അസിസ്‌ററന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ നന്ദിയും പറഞ്ഞു.