കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി.  കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിവും അനുഭവവും പങ്കുവയ്ക്കാനും പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവരാനും, ആവശ്യമായ രീതിയില്‍ താഴെ തലങ്ങളിലേക്ക് കുടുംബശ്രീ പദ്ധതികളെയും അനുബന്ധവിവരങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യുന്നതിനുമായി നടപ്പാക്കിയ പദ്ധതിയാണ് കുടുംബശ്രീ സ്‌കൂള്‍.
                 ജില്ലയില്‍ നടപ്പാക്കിയ കാര്‍ഷിക പുനരാവിഷ്‌കരണ പദ്ധതിയായ മഴപ്പൊലിമയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും, തരിശ് നിലങ്ങളില്‍ നെല്ല് ഉദ്പാദിപ്പിച്ച് വിജയം കൈവരിച്ച അജാനൂര്‍,കാറഡുക്ക,കാഞ്ഞങ്ങാട്,പുല്ലൂര്‍-പെരിയ,സിഡിഎസ്‌കളുടെ അരിശ്രീ റൈസ് വിപണന ഉദ്ഘാടനവും, മടിക്കൈയില്‍ ആരംഭിക്കുന്ന ട്രെയിനിങ് സെന്ററിന്റെ ഡി പി ആര്‍ പ്രകാശനവും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. മഴപ്പൊലിമ ജില്ലാതലത്തില്‍ മികച്ച നഗരസഭയായി തെരഞ്ഞടുക്കപ്പെട്ട കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി സിഡിഎസിനെയും, ജില്ലാതലത്തില്‍ മികച്ച സിഡിഎസ് ആയി തെരഞ്ഞടുക്കപ്പെട്ട മീഞ്ച, കാറഡുക്ക,കിനാനൂര്‍-കരിന്തളം സിഡിഎസിനുള്ള പുരസ്‌കാരവും, മഴപ്പൊലിമയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നും രണ്ടും,മൂന്നും സ്ഥാനം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു.
                ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എം രമേന്ദ്രന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, മുന്‍ എം എല്‍ എ കെ പി സതീഷ് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി രാജു കട്ടക്കയം, തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയ് എളമന്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ കെ വിനോദ് കുമാര്‍, വി പി ജാനകി, തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പന്തീഭോജനവും നടന്നു.