മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുവാന്‍ നടപടി എടുക്കണമെന്നും കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ് സി നഴ്‌സിംഗ് എന്നീ കോഴ്‌സുകളിലേക്ക് രാജ്യത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനമാണ് അനന്തമായി നീളുന്നത്. 2025 മെയ് മാസമാണ് എന്‍ട്രന്‍സ് എക്‌സാമും കൗണ്‍സിലിംഗും നടന്നത്. ആദ്യ റൗണ്ട് അഡ്മിഷന്‍ നടത്തുകയും ചെയ്തു.എന്നാല്‍ രണ്ടാം റൗണ്ട് അഡ്മിഷന്‍, സെപ്റ്റംബര്‍ 18ലെ മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ് പ്രകാരം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. ഈ കാലതാമസം നൂറുകണക്കിന് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.