സ്ത്രീ കൂട്ടായ്മയുടെ പുത്തന്‍ സംരംഭമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ഒഴുകിയെത്തിയ ചടങ്ങില്‍ ഉത്സവാന്തരീക്ഷത്തിലാണ് മഹിളാമാള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. കുടുംബശ്രീയുടെ തന്നെ നേതൃത്വത്തിലുള്ള വനിതാ ബാന്റ് സംഘമാണ് മുഖ്യമന്ത്രിയെ ഉദ്ഘാടന ചടങ്ങിലേക്ക് ആനയിച്ചത്. സേവനം, സുരക്ഷ, ശുചീകരണം, ഭരണ നിര്‍വഹണം എന്നിവയെല്ലാം പൂര്‍ണമായും വനിതകള്‍ നിര്‍വഹിക്കുന്ന കുടുംബശ്രീ വനിതാ മാള്‍ വയനാട് റോഡിലെ അഞ്ചുനില കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍, ലിഫ്റ്റുകള്‍, സിസിടിവി എന്നിവയടക്കം എല്ലാ അത്യാധുനിക സംവിധാനത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 54 സെന്റില്‍ 36,000 ചതുശ്ര അടി വിസ്തീര്‍ണത്തോടുകൂടിയാണ് മാള്‍ സജ്ജീകരിച്ചത്. മാളിലെ 80 ഷോപ്പുകളും നടത്തുന്നത് 90 ശതമാനം സംരംഭകരും കുടുംബശ്രീ വനിതകളാണ്. ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരംഭകരുമാണ്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും മാളില്‍ ലഭ്യമാണ്. കൂടാതെ വനിതാ ബാങ്ക് അടക്കമുള്ള വിവിധ സേവനനങ്ങളും ഇവിടെ ലഭ്യമാണ്.
താഴെ നിലയില്‍ 25 കൗണ്ടറുകളുള്ള മൈക്രോ ബസാര്‍, പ്ലേ സോണ്‍, സൂപ്പര്‍ മാര്‍ക്കറ്റ്, കഫേ റസ്റ്റോറന്റ് തുടങ്ങിയവയും മാളിലുണ്ട്. പ്രവര്‍ത്തനമാരംഭിച്ചതോടെ 250 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായുമാണ് തൊഴില്‍ ലഭിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫാമിലി കൗണ്‍സിലിങ് സെന്റര്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട്, കഫേ റസ്റ്റോറന്റ് എന്നിവ മന്ത്രി എ.സി മൊയ്തീനും ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രന്‍ കുടുംബശ്രീ ചോക്ലേറ്റ് കേക്ക് യൂണിറ്റിന്റെയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. വെബ് സൈറ്റ് ലോഞ്ചിംഗ് ചലച്ചിത്ര താരം സുരഭിലക്ഷ്മി നിര്‍വഹിച്ചു. കോര്‍പറേഷന്‍ കുടുംബശ്രീ കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ എം വി റംസി ഇസ്മയില്‍, ബ്രാന്റിംങ് കണ്സള്‍ട്ടന്റ് ചേരാസ് രവിദാസ്, ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്റ് പി എന്‍ നസീര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
എ പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സി കവിത, സംസ്ഥാന കുടുംബശ്രീ ജില്ലാ മിഷന്‍ മൈക്രോ എന്റര്‍പ്രൈസസ് പ്രോഗ്രാം മാനേജര്‍ എസ് സുചിത്ര, യൂണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ വിജയ എന്നിവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.