കൂട്ടായ്മയിലൂടെ തൊഴില്‍പരമായ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് കോഴിക്കോട്ട് യാഥാര്‍ഥ്യമായ മഹിളാ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് നഗരത്തില്‍ ആരംഭിച്ച മഹിളാമാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ വരുമാനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വലിയ  സംരംഭങ്ങളിലേക്ക് സ്ത്രീകള്‍ മാറിക്കഴിഞ്ഞു. നേരത്തെ കോര്‍പറേറ്റുകള്‍ക്ക് മാത്രം സാധ്യമായിരുന്നത് തങ്ങള്‍ക്കും സാധ്യമാകുമെന്നതാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാള്‍ നല്‍കുന്ന സന്ദേശം. കുടുംബശ്രീയുടെ ചരിത്രത്തിലെ പ്രധാന ഏടായ ഈ സംരംഭം ഏറെ അഭിമാനത്തോടെയാണ് നാടിന് സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ രൂപപെട്ട, സ്ത്രീകള്‍ മാത്രമുള്ള ഈ വാണിജ്യകൂട്ടായ്മ സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിലെ പുതിയ മാതൃകയാണ്. കഴിയാവുന്ന മേഖലകളില്‍ നിന്ന് സ്തീകളെ ഒഴിവാക്കാന്‍ പറ്റുമോ എന്ന സ്ഥാപിത താല്‍പ്പര്യത്തോടെ പിന്തിരിപ്പന്‍ ശക്തികള്‍ ഈ ആധുനിക കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ പുതിയ പുതിയ മേഖലകളിലേക്ക് കടന്നുവന്ന് സ്ത്രീകള്‍ ആരുടെയും പിന്നിലല്ലെന്ന സന്ദേശം ശക്തമായി ഉയര്‍ത്തുന്നതിനും അത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായകമാണ്.
രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തിന്റെ പ്രാദേശിക വികസനത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കുടുംബശ്രീ നല്‍കിയത്. കുടുംബശ്രീയുടെ ഈ കാല്‍വെപ്പ് ലോകത്തിന് തന്നെ മാതൃകയാണ് എന്നതില്‍ തര്‍ക്കമില്ല. ധീരതയോടെ പുതുമയുടെ വഴിയെ സഞ്ചരിക്കാന്‍ നമ്മുടെ സ്ത്രീകള്‍ക്ക് കഴിയുന്നതില്‍ അഭിമാനിക്കാം. സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീയുടെ വളര്‍ച്ചക്ക് പ്രത്യേകിച്ചും സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നത്. ആരുടെയും അടിമയായുള്ള വളര്‍ച്ചയല്ല സ്വന്തം കാലില്‍ നില്‍ക്കാനും സഞ്ചരിക്കാനുമുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത്. അതാണ് കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സ്ത്രീകള്‍ നേടിയെടുത്തെതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.