തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കാന്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെയും മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെയും ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റര്‍ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക, തെങ്ങിന്റെ തടം തുറക്കുക, ജൈവവളങ്ങളും ജൈവകീടനാശിനികളും നല്‍കുക, ബണ്ടു നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലേബര്‍ ബജറ്റില്‍ മാറ്റം വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.
പ്രളയാനന്തര പുനഃസൃഷ്ടി ലക്ഷ്യമിടുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായും കാര്‍ഷികക്ഷേമ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ക്കു ചെയ്യാവുന്നതാണ്. നാളികേരത്തിന്റെ ഉത്പാദന ക്ഷമത, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യത, കൃഷിവിസ്തൃതി എന്നിവ വര്‍ധിപ്പിക്കാനായി കൃഷിമന്ത്രി ചെയര്‍മാനായി നാളികേര വികസന കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ചിരിക്കയാണ്. പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ പ്രധാന വിളയായി തെങ്ങിനെ മാറ്റാനും നാളികേരത്തിനു സുസ്ഥിര വില ലഭ്യമാകുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കുവാനുമുള്ള ഒരു മിഷന്‍ ആണ് കൗണ്‍സിലിന്റേത്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ആദ്യ ഘട്ടമെന്ന നിലയില്‍ 20,000 വാര്‍ഡുകളില്‍ ഓരോ വാര്‍ഡിലും ചുരുങ്ങിയത് 75 പുതിയ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുമന്നും മന്തി പറഞ്ഞു. അന്‍പതു ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള കേരഗ്രമം പദ്ധതി 250 ഹെക്ടര്‍ സ്ഥലത്തെ 43,750 തെങ്ങുകളുടെ ഉത്പാദനവര്‍ധനയാണ് ലക്ഷ്യമിടുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഒന്‍പതു വാര്‍ഡുകളിലാണ് പദ്ധതി നടപ്പാകുന്നത്. 2,400 കര്‍ഷകരാണ് ഗുണഭോക്താക്കള്‍. പേരാമ്പ്ര ബ്ലോക്കില്‍ നൊച്ചാട് പഞ്ചായത്താണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന മറ്റൊരു പഞ്ചായത്ത്.ഈ വര്‍ഷം 79 കേരഗ്രാമം പദ്ധതികളാണ് നടപ്പിലാക്കുന്നത്. മൂന്നുവര്‍ഷക്കാലത്തേക്കുള്ള പദ്ധതിക്കായി ഏകദേശം ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചകിരിയില്‍ നിന്നു ചകിരി നാര് ഉണ്ടാക്കുക, നാളികേര അധിഷ്ഠിതമായി ചെറുകിട സംരംഭ യൂണിറ്റ് ആരംഭിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. അടുത്ത വര്‍ഷം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളെക്കൂടി കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എം.നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി.ബി.ബിനീഷ്, കെ.കുഞ്ഞികൃഷ്ണന്‍, വി.കെ.മോളി, മെമ്പര്‍മാരായ, എന്‍.എം.കുഞ്ഞബ്ദുള്ള, കെ.കെ.കുഞ്ഞബ്ദുള്ള, കേരഗ്രാമംപദ്ധതി ചെയര്‍മാന്‍ കൊയിലോത്ത് ഗംഗാധരന്‍, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, കൃഷി ഓഫിസര്‍ അഥീന, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എഡിഎ എ.പുഷ്പ റിപ്പോര്‍ട് അവതരിപ്പിച്ചു.