ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്റെ (ഐ.സി.എഫ്.ആര്‍.ഇ) നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് (ഐ.എഫ്.ജി.ടി.ബി), കേരള വനം വന്യജീവി വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ‘ട്രീ ഗ്രോവേര്‍സ് മേള 2025’ ശ്രദ്ധേയമായി. പരിപാടി കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മരങ്ങള്‍ നടുന്നതിലൂടെ സമൂഹത്തിനും പരിസ്ഥിതിക്കും ഗുണമുണ്ടാവുന്നുണ്ടെന്നും നമുക്ക് വരുമാന സ്രോതസ്സ് ഉണ്ടാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരോ വര്‍ഷവും നടന്നുകൊണ്ടിരിക്കുകയാണ്. നമുക്ക് വീടുകളില്‍ നട്ടുപിടിപ്പിക്കാവുന്ന മരങ്ങള്‍, പ്രകൃതിക്ക് ഗുണകരമായ മരങ്ങള്‍ എന്നിവയെക്കുറിച്ചാണ് മേളയില്‍ ചര്‍ച്ച ചെയ്തത്. മരം നടല്‍, പരിപാലം, മരം മുറിക്കല്‍, വരുമാനം, ശുദ്ധവായുവിന്റെ കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് മേളയിലൂടെ അറിയാനാവുമെന്നും എം.എല്‍.എ പറഞ്ഞു.

ചന്ദനമരം ഉള്‍പ്പെടെ പ്രത്യേക അനുമതിയോടെ നട്ടുവളര്‍ത്തേണ്ട ഏതു മരവും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. കാലാവധി കഴിഞ്ഞാല്‍ മരം മുറിക്കാനുള്ള അനുമതിയോടൊപ്പം, വനംവകുപ്പ് നേരിട്ട് മാര്‍ക്കറ്റ് വിലയനുസരിച്ച് ഏറ്റെടുക്കാവുന്ന നിലയിലേക്കുള്ള ബില്ല് നിയസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. വനവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനായി സ്‌കൂളുകളില്‍ വിദ്യാവനം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു. പരിപാടിയില്‍ ഐ.സി.എഫ്.ആര്‍.ഇ തയ്യാറാക്കിയ ‘കൃഷി ഭൂമിയിലെ മരം വളര്‍ത്തല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. കൂടാതെ ഐ.എഫ്.ജി.ടി.ബി യുടെ ഉപഹാരം കെ ബാബു എംഎല്‍എക്ക് കൈമാറി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചു.

നെന്മാറ ജ്യോതിസ് റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ കോയമ്പത്തൂര്‍ ഐ.സി.എഫ്.ആര്‍.ഇ-ഐ.എഫ്.ജി.ടി.ബി ഡയറക്ടര്‍ ഡോ. ആര്‍.യശോധ അധ്യക്ഷയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്‌നേഷ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, ഐ.സി.എഫ്.ആര്‍.ഇ-ഐ.എഫ്.ജി.ടി.ബി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ഗണേഷ്‌കുമാര്‍ , സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ, നെന്മാറ ഡി.എഫ്.ഒ പ്രവീണ്‍, മറ്റ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.