കുടുംബശ്രീ വയനാട് ജില്ലാ മിഷൻ നവംബർ 26 മുതൽ 28 വരെ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് ‘താളും തകരയും’ എന്ന പേരിൽ ഭക്ഷ്യമേള നടത്തും. പാരമ്പര്യ ഭക്ഷണങ്ങളുടെ ഗുണവും രുചിയും പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക, കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേള നടത്തുന്നത്. വയനാടൻ സംസ്‌കാരത്തിന്റ രുചി ഭേദങ്ങൾ, ഓർമ്മകളിൽ തങ്ങി നിൽക്കുന്ന കൊതിയൂറും വിഭവങ്ങൾ, ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്ന ഔഷധമൂല്യങ്ങളുള്ള വിവിധയിനം ഭക്ഷണ വിഭവങ്ങൾ എന്നിവ ഗുണമേന്മ ഉറപ്പ് വരുത്തി ഭക്ഷ്യമേളയിൽ ലഭിക്കും.
വിവിധയിനം പുഴുക്ക്, വ്യത്യസ്ത പുട്ട് വിഭവങ്ങൾ, ഇലക്കറികൾ, നാടൻ കോഴിക്കറിയും പത്തിരിയും, ദോശ, അപ്പം, കപ്പ, വിവിധയിനം ബിരിയാണികൾ, കബ്‌സ, കൂൺ വിഭവങ്ങൾ, ഇല അട, ആവി അട, ഇറച്ചി അട, ഉഴുന്ന് വട, ഉന്നക്കായ, വിവിധ തരം പൊരികൾ, ചുക്ക് കാപ്പി, പൊടിച്ചായ, ഇലച്ചായ, ഏലക്കാ ചായ, വയനാടൻ കാപ്പി, ബഹുവിധ കഞ്ഞികൾ, വിവിധ പായസങ്ങൾ, മറ്റു കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കൂടാതെ ന്യൂട്രീഷ്യസ് ഊണും മേളയിൽ ഒരുക്കിയിട്ടുണ്ട്.