* ഭരണഘടനാ സാക്ഷരത- ജനകീയ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു
ഭരണഘടന സംബന്ധിച്ച ബോധത്തിന്റെ കുറവ് രാജ്യത്തെമ്പാടുമുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാക്കണമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ സാക്ഷരത- ജനകീയ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് ബോധമില്ലാത്ത തലമുറയും ദേശീയഗാനം തെറ്റുകൂടാതെ ആലപിക്കാനറിയാത്ത തലമുറയും രാജ്യത്തിന് അപമാനമാണ്.  സാമൂഹ്യ ശാസ്ത്രമെന്നത് വെറും ഭൂമിശാസ്ത്രമല്ല. സമൂഹത്തിന്റെ ഘടനയുടെയും സാമൂഹ്യമായ അസമത്വത്തിന്റെയും പഠനമാണത്. ഭരണഘടനയുടെ മൂല്യങ്ങൾ എന്താണെന്ന് നാം അറിയണം.
നമ്മെ ഏകോപിപ്പിച്ചു നിർത്തുന്നത് നമ്മുടെ ഭരണഘടനയാണെന്നും സ്പീക്കർ പറഞ്ഞു. വിശ്വാസങ്ങൾ മാത്രമാണ് ശരിയെങ്കിൽ ഡോ. പൽപുവിനെപ്പോലുള്ള മഹാമനീഷികൾ ചരിത്രപുരുഷന്മാരാവില്ലായിരുന്നു. ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്നം ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും മതത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരുടെ ആധിക്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ സൂക്ഷ്മമായ പഠനം നാടിന് അനിവാര്യമാണ്. ഭരണഘടന തന്നെയാണ് നാടിന്റെ അടിത്തറയെന്നും ഭരണഘടനാ സാക്ഷരത സാംസ്‌കാരികമായ പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതം പറഞ്ഞു.  പുരുഷൻ കടലുണ്ടി എംഎൽഎ, നുവാൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ. കെ. ജയകുമാർ, നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.