തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടില്ല

കൊച്ചി: ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും സുരക്ഷിതരാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ യാനങ്ങളോ ഇതില്‍ ജോലി ചെയ്യുന്ന തൊഴിലാളികളോ കാണാതായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലോ ഹാര്‍ബറുകളിലോ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ കൊച്ചിയ്ക്കു സമീപം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടത്തെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എണ്ണൂറോളം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഈ ബോട്ടുകളോ മറ്റ് വള്ളങ്ങളോ കടല്‍ക്ഷോഭത്തില്‍ പെട്ടിട്ടില്ല. അതേസമയം ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെയുള്ള തീരസംസ്ഥാനങ്ങളിലെ അറുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തിന്റെ ഭാഗമായി കൊച്ചിയില്‍ വന്നു പോകാറുണ്ട്. ഇവര്‍ക്കാര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് നാവികസേനയും പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്. ഇത്തരം സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞു.