സംസ്ഥാന അത്ലറ്റിക്‌സ് അസോസിയേഷന്റെ മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. മധു സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്‌തു. ഒക്ടോബർ 21, 22 തീയതികളിൽ എം.കെ ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ജില്ലയിൽ ആദ്യമായാണ് മാസ്റ്റേഴ്‌സ് മീറ്റ് നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 30 മുതൽ 100 വയസുവരെ പ്രായയുള്ള പുരുഷ-വനിത കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചെയര്‍മാനായും, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം.മധു, സി.പി സജി ചങ്ങനാമഠത്തിൽ, സലീം കടവൻ, ജിജി അബ്രഹാം എന്നിവര്‍ വൈസ് ചെയർമാൻമാരായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ഓർഗനൈസിംഗ് സെക്രട്ടറിയായി ലൂക്കാ ഫ്രാൻസിസ്, ജനറൽ കൺവീനറായി കെ. ചന്ദ്രശേഖരപിള്ള, ജോ. കൺവീനറായി – സജീഷ്‌മാത്യു, കെ.പി. വിജയ്, എ.ഡി.ജോൺ എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ അത്ലറ്റിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.പി. സജി ചങ്ങനാമഠത്തിൽ അധ്യക്ഷത വഹിച്ചു. സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജിജി അബ്രഹാം, അത്ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ഡി.ജോൺ, എൻ. സി സാജിദ്, അത്ലറ്റിക്സ് അസോസിയേഷൻ ഭരണസമിതി അംഗങ്ങളായ സജീഷ് മാത്യു, എം.ജെ ചന്ദ്രദാസ്, വി.വി. യോയാക്കി, സുനിൽ പുൽപ്പള്ളി, ബിജു പീറ്റർ, എ.സി ബേബി എന്നിവർ സംസാരിച്ചു.