ഉദ്പാദനപ്രക്രിയയില്‍നിന്നുള്ള രാസമാലിന്യം മൂല്യവര്‍ധിത ഉത്പന്നമാക്കുന്നതിനുള്ള പദ്ധതിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കെ. എം. എം. എല്‍ ഫാക്ടറി. ആസിഡ് റീജനറേഷന്‍ പ്ലാന്റില്‍ ഉണ്ടാകുന്ന ഉപോല്‍പന്നമായ അയണ്‍ ഓക്‌സൈഡ് വിപണനത്തിന് ഉപയോഗിക്കുന്ന ഗ്രേഡിലേക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. തനത് ഫണ്ടില്‍നിന്നും 39.54 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ അയണ്‍ ഓക്‌സൈഡ് കാരണമുള്ള പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരമാകും. പുതിയ വരുമാന സ്രോതസ് കൂടിയാണിത്. അയണ്‍ ഓക്സൈഡ് സംസ്‌കരിച്ച് വിപണനത്തിന് തയ്യാറാക്കുന്ന മറ്റൊരുപദ്ധതിയും ഉടന്‍ ആരംഭിക്കും.

ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2020ലാണ് തനത് ഫണ്ടില്‍നിന്നും 50 കോടി രൂപ ചെലവഴിച്ച് പ്രതിദിനം 70 ടണ്‍ ഉത്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് നിര്‍മിച്ചത്. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ നിര്‍മാണ പ്രക്രിയക്കാണ് ഓക്സിജന്‍ ഉപയോഗിക്കുന്നത്. വാതക ഓക്സിജന് ഒപ്പം ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജനും പ്ലാന്റില്‍ നിന്ന് ലഭിക്കുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളത് 63 ടണ്‍ വാതക ഓക്സിജന്‍.  ശേഷിക്കുന്ന ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ അംഗീകൃത കമ്പനികള്‍ വഴി ആരോഗ്യ മേഖലയ്ക്കും ഇതര വ്യവസായങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്‍കി വരുമാനവും നേടുന്നു.

കോവിഡ്കാലഘട്ടത്തില്‍ 3.3 കോടി രൂപ ചെലവഴിച്ച ഉത്പാദനശേഷിവര്‍ധനവിലൂടെ ദ്രവീകൃത ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം ഏഴ് ടണ്ണില്‍ നിന്ന് 10 ടണ്ണായി വര്‍ധിപ്പിച്ചിരുന്നു. പുതിയ പ്ലാന്റ് സ്ഥാപിച്ചതിനുശേഷം ഇതുവരെ 79,375 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിച്ചു.

2024-25 സാമ്പത്തികവര്‍ഷം 50 ലക്ഷം രൂപ ചെലവഴിച്ച് സിലിണ്ടര്‍ ഫില്ലിംഗ് സ്റ്റേഷന്‍ സജ്ജമാക്കി. മെഡിക്കല്‍ഓക്സിജന്‍ ടാങ്കറുകള്‍വഴിയാണ് ആരോഗ്യമേഖലയ്ക്ക് നല്‍കിയിരുന്നത്. പുതിയ സംവിധാനം വഴി സിലിണ്ടറുകളില്‍ നേരിട്ട് ഓക്സിജന്‍ നിറയ്ക്കാനാകും.

അടിയന്തരഘട്ടകാര്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രാണവായുലഭ്യത ഉറപ്പാക്കാന്‍ കമ്പനി സദാസജ്ജമാണ് എന്ന് മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ വ്യക്തമാക്കി.