ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം- ജില്ലാ കളക്ടര്‍
കോട്ടയം: ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍  ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രാധാന്യം നല്‍കി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. ജില്ലയിലെ ബ്ലോക്കുകള്‍ ബാലസൗഹൃദമാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി സ്ത്രീകളാണ് ബ്ലോക്ക് ഓഫീസുകളില്‍  ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലും എത്തുന്നത്. ഇവരില്‍ പലരും കുഞ്ഞുങ്ങളുമായാണ് എത്തുന്നത്. സേവനം ലഭ്യമാകുന്നതുവരെ അമ്മമാരോടൊപ്പം ഓഫീസുകളില്‍ സമയം ചെലവഴിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം പോലും ഓഫീസുകളില്‍ ഇല്ലാത്ത അവസ്ഥയാണ്. കുട്ടികള്‍ക്ക് ഇരിക്കുന്നതിന് ഉയരം കുറഞ്ഞ ഇരിപ്പിടങ്ങള്‍, കളിപ്പാട്ടങ്ങള്‍, ബാല മാസികകള്‍, ലഘുഭക്ഷണം, സുതാര്യ വാതിലുകളുള്ള ടോയ്‌ലെറ്റ് എന്നിവ ബാലാവകാശ സംരക്ഷണ പ്രകാരം ഓഫീസുകളില്‍ ഉണ്ടാകേണ്ടതാണ്. ആവശ്യമെങ്കില്‍ ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താവുന്നതാണ്. ബ്ലോക്കുകളും അനുബന്ധ സ്ഥാപനങ്ങളും  പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  കുട്ടികളുടെ ആരോഗ്യം, ബുദ്ധിവികാസം, കായികശേഷി തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനുള്ള സ്‌കീമുകള്‍ കൂടുതലായി  ഉള്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബാലസൗഹൃദ വികസന സമീപനം സംബന്ധിച്ച് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല കില ഫാക്കല്‍റ്റി ശശികല നയിച്ചു. എഡിസി ജനറല്‍ പി. എസ്. ഷിനോ, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ സഫിയ ബീവി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, അസി.സെക്രട്ടറിമാര്‍, ഗ്രാമ വികസന വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.