മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. www.sabarimala.com എന്ന സൈറ്റിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവ വഴി ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലയ്ക്കലില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്കിംഗും, ദര്‍ശനസമയം തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് വെബ്പോര്‍ട്ടല്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19 വരെ ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ദര്‍ശനസമയം ബുക്ക് ചെയ്യാം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം പൊലീസ് ആരംഭിച്ചത് ഒക്ടോബര്‍ 30 നാണ്. ഒരു സംഘത്തിന് 48 മണിക്കൂറാണ് ശബരിമലയില്‍ തങ്ങാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ബുക്കിംഗ് കഴിഞ്ഞാല്‍ സമയമോ തീയതിയോ മാറ്റുവാന്‍ കഴിയില്ല. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ തയ്യാറാക്കിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബുക്കിംഗ് കൗണ്ടറുകളില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ ദര്‍ശനത്തിനുള്ള ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഓണ്‍ലൈന്‍ ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പ്രിന്റോ അല്ലെങ്കില്‍ ക്യു.ആര്‍ കോഡോ കൊണ്ട് വേണം ദര്‍ശനത്തിനെത്താന്‍. പമ്പയില്‍ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറില്‍ ഇത് കാണിച്ച് അവിടെ നിന്നും ദര്‍ശനത്തിന് ലഭിക്കുന്ന പാസുമായി മരക്കൂട്ടത്തെ കൗണ്ടറിലെത്തണം. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ക്യൂവിലൂടെ സന്നിധാനത്തെത്തി സുഗമമായ ദര്‍ശനം സാധ്യമാക്കും. ഇതിനായി പമ്പയില്‍ 34 പൊലീസുകാരും 3 ഓഫീസര്‍മാരുമാണുള്ളത്. മരക്കൂട്ടത്തും സന്നിധാനത്തും 21 പേരടങ്ങുന്ന സംഘമാണുള്ളത്.