* മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
കടലില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
    നാനൂറോളം പേരെ ഇതുവരെ രക്ഷിക്കാന്‍ കഴിഞ്ഞു. തിരുവന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെ 393 പേരെയാണ് ഇതുവരെ കടലില്‍ നിന്നു രക്ഷിച്ചത്. ലക്ഷദ്വീപിലെ കല്‍പേനിയില്‍ 12 ബോട്ടുകളില്‍ 138 പേര്‍ എത്തിയിട്ടുണ്ട്. അന്ത്രോത്തില്‍ ഒരു ബോട്ടും കിത്താനില്‍ രണ്ട് ബോട്ടും എത്തിയിട്ടുണ്ട്. ഈ ബോട്ടുകളില്‍ എത്രപേരുണ്ടെന്ന വിവരം ലഭിച്ചിട്ടില്ല. ചട്‌ലറ്റില്‍ ഒരു ബോട്ടില്‍ 15 പേരും എത്തിയിട്ടുണ്ട്.
ഇനിയും കുറച്ചുപേരെകൂടി രക്ഷപ്പെടുത്താനുണ്ട്. തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില മരണങ്ങള്‍ നടന്നിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപാവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മത്സ്യബന്ധന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് പുറമേയാണ് ഇത്. പരിക്കുപറ്റി ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് 5000 രൂപാ വീതം ധനസഹായം നല്‍കിയതിനു പുറമേ 10000 രൂപ വീതം ഇനിയും നല്‍കും. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.
അപകടത്തില്‍ ബോട്ടു നഷ്ടപ്പെട്ടവര്‍ക്ക് മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്  ന്യായമായ നഷ്ടപരിഹാരം നല്‍കും. കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വീടു നഷ്ടപ്പെട്ട 529 കുടുംബങ്ങളെ 30 ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായവും മരുന്നും ലഭ്യമാക്കും. തീരദേശത്ത് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ പ്രത്യേക ഇടപെടല്‍ ഉറപ്പാക്കും.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവികസേനയും എയര്‍ഫോഴ്‌സും കോസ്റ്റുഗാര്‍ഡും അഭിനന്ദനീയമായ പങ്കാണ് വഹിച്ചത്. അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായാല്‍ ഇടപെടാന്‍ ആര്‍മിയും സജ്ജമായിരുന്നു. പക്ഷേ അത്തരം സാഹചര്യം ഉണ്ടായില്ല. കേന്ദ്ര ഏജന്‍സികളുടെ നിര്‍ലോഭമായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള അപ്പപ്പോഴുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും മുഖ്യമന്ത്രി സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.
കൊടുംകാറ്റും കടല്‍ക്ഷോഭവും പോലുള്ള വിവരങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ സംവിധാനം ഒരുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് വ്യക്തിപരമായി സന്ദേശം ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കുക. തീരപ്രദേശത്തെ സംഘടനകളും സഭകളും എല്ലാം അപകടഘട്ടത്തില്‍ ക്രിയാത്മകമായി ഇടപെട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ ഇത്തരമൊരു ദുരന്തം അപൂര്‍വമാണ്. ദുരന്തത്തില്‍ മരണപ്പെടുന്നവര്‍ക്ക് സാധാരണയായി നാലു ലക്ഷമാണ് നല്‍കുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അത് പത്തു ലക്ഷമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.