*ലോക കേരള സഭ ജനുവരി 12,13 തിയതികളില്‍
ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര് സഭയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 12,13 തിയതികളില്‍ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കും. ലോക നിലവാരത്തിലേക്കുയര്‍ന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാന്‍ ലോക കേരള സഭ വേദിയാകണം, പ്രവാസികളില്‍നിന്ന് ഇന്‍വെസ്റ്റ്മെന്റ് തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകര്‍ത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലോക കേരള സഭയു െട ആദ്യ യോഗമാണു നടക്കാന്‍ പോകുന്നതെന്നും സഭ ചേര്‍ന്നു കഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പ്രവാസി കേരളീയരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ രേഖപ്പെടുത്താന്‍ തീര്‍ച്ചയായും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.
യോഗത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ, നോര്‍ക്കാ റൂട്ട്സ് സി.ഇ.ഒ. ജാഫര്‍ മാലിക്ക്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, വിവിധ മാധ്യമങ്ങളിലെ പത്രാധിപര്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.