അസംഘടിത മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമ സേവനങ്ങള്‍ ഉറപ്പാക്കുന്ന സാഥി പദ്ധതിയുടെ ഭാഗമായി സൗജന്യ നിയമ സഹായം, മെഡിക്കല്‍ ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികള്‍ സമൂഹത്തില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവര്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ല. ജോലിക്ക് അര്‍ഹമായ കൂലി കിട്ടുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ അക്രമങ്ങളും അനീതികളും സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു
ഇതരസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ആവാസ് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിയമസംരക്ഷണം ഉറപ്പാക്കുന്നതിന് ഇവരെ നാട്ടിലെത്തിച്ചവര്‍ ആരാണെന്നതു സംബന്ധിച്ച് വ്യക്തതയില്ലാത്തത് പലപ്പോഴും നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന് ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു.
ജില്ലയില്‍ അന്‍പതിനായിരത്തില്‍ അധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് ആവശ്യമായ എല്ലാ നിയമസംരക്ഷണവും നല്‍കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍, പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വി. പ്രഭ, കൃഷ്ണവേണി, നൗഷാദ് റാവുത്തര്‍, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എ.സി. ഈപ്പന്‍, ഡെപ്യുട്ടി ഡിഎംഒ ടി. അനിതാകുമാരി, ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനി, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.